newsroom@amcainnews.com

സത്യപ്രതിജ്ഞയ്ക്കായി ഡോണൾഡ് ട്രംപ് വാഷിങ്ടനിലെത്തി, കരിമരുന്ന് പ്രയോഗത്തോടെ സ്വീകരണം; ട്രംപിനെതിരെ പ്രതിഷേധ മാർച്ചുമായി വനിതകൾ

വാഷിങ്ടൻ: യുഎസിന്റെ 47-ാം പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യുന്നതിനായി ഡോണൾഡ് ട്രംപ് വാഷിങ്ടനിലെത്തി. പ്രാദേശിക സമയം ശനിയാഴ്ച വൈകുന്നേരം യുഎസ് പ്രസി‍ഡന്റിന്റെ ഔദ്യോഗിക വിമാനമായ എയർഫോഴ്സ് വണ്ണിലാണ് ഫ്ലോറിഡയിലെ പാം ബീച്ച് വിമാനത്താവളത്തിൽനിന്ന് ട്രംപ് വാഷിങ്ടനിലെത്തിയത്. ഭാര്യ മെലനിയ, മകൾ ഇവാൻക, ഭർത്താവ് ജാറദ് കുഷ്നർ തുടങ്ങിയവരും ട്രംപിനൊപ്പമുണ്ടായിരുന്നു. കരിമരുന്ന് പ്രയോഗത്തോടെയായിരുന്നു ട്രംപിനെ വരവേറ്റത്. സ്ഥാനാരോഹണം ഇന്ത്യൻ സമയം നാളെ രാത്രി 10.30ന് (പ്രാദേശിക സമയം ഉച്ചയ്ക്ക് 12 മണി) നടക്കും.

മൈനസ് 6 സെൽഷ്യസിലേക്കു താപനില താഴ്ന്നതിനാൽ യുഎസ് ക്യാപ്പിറ്റൾ മന്ദിരത്തിലെ റോട്ടൻഡ ഹാളിലാകും സത്യപ്രതിജ്ഞാ ചടങ്ങുകൾ. സ്ഥാനാരോഹണത്തിനു ശേഷമുള്ള പരേഡും ഉള്ളിലാണു നടത്തുന്നത്. ക്യാപ്പിറ്റൾ വൺ അറീനയിലാണ് ഇത്. നാലു വർഷം മുൻപ് യുഎസ് ക്യാപ്പിറ്റളിൽ ട്രംപ് അനുകൂലികൾ ഇരച്ചുകയറിയ സംഭവത്തിനു ശേഷം ആദ്യമായാണ് ട്രംപ് യുഎസ് തലസ്ഥാനത്ത് തിരികെയെത്തുന്നത്. യുഎസ് സൈന്യത്തിന്റെ അർലിങ്ടൻ ദേശീയ സെമിത്തേരിയിൽ ഇന്ന് അദ്ദേഹം ആദരമർപ്പിക്കും.

ക്യാപിറ്റൾ മന്ദിരത്തിനുമുന്നിൽ നടത്താനിരുന്ന ചടങ്ങുകൾ വീക്ഷിക്കാൻ 2.20 ലക്ഷം ജനങ്ങൾക്ക് ടിക്കറ്റ് ലഭിച്ചിരുന്നു. എന്നാൽ ചടങ്ങുകൾ അകത്തേക്കു മാറ്റിയതിനാൽ വിശിഷ്ടാതിഥികളുൾപ്പെടെ 20,000ത്തോളം പേരെ മാത്രമേ ക്യാപിറ്റൾ മന്ദിരത്തിന് ഉൾക്കൊള്ളാനാകൂ. സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് ദൃക്സാക്ഷിയാകാനെത്തിയ പലർക്കും ഇതു നിരാശയുണ്ടാക്കി. ദൂരെയുള്ള സംസ്ഥാനങ്ങളിൽനിന്നുപോലും ചടങ്ങ് കാണാനെത്തിയവരുണ്ടായിരുന്നു.

സത്യപ്രതിജ്ഞാ ചടങ്ങിനു മുന്നോടിയായി ട്രംപിനെതിരെ ആയിരത്തോളം വനിതകളുടെ പ്രതിഷേധ മാർച്ച്. 2017 മുതൽ എല്ലാ വർഷവും നടന്നുകൊണ്ടിരുന്ന വിമൻസ് മാർച്ച് ഇത്തവണ പീപ്പിൾസ് മാർച്ച് എന്ന പേരിലാണ് സംഘടിപ്പിച്ചത്. കഴിഞ്ഞ വർഷം വരെയുണ്ടായിരുന്ന മാർച്ച് വച്ചുനോക്കുമ്പോൾ ഇത്തവണത്തെ മാർച്ചിന് ആളുകളുടെ പങ്കാളിത്തം വളരെ കുറവായിരുന്നുവെന്നാണ് വിലയിരുത്തൽ. 50,000ൽ പരം പേരെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നിടത്ത് 5000 ഓളം പേർ മാത്രമാണ് എത്തിയത്.

ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യമന്ത്രി എസ്.ജയശങ്കറാണ് സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കുന്നത്. തീവ്ര വലതുപക്ഷവാദിയും ട്രംപിന്റെ അനുകൂലിയുമായ ബ്രസീൽ മുൻ പ്രസിഡന്റ് ജൈർ ബൊൽസൊനാരോയ്ക്ക് സ്ഥാനാരോഹണത്തിൽ പങ്കെടുക്കാനാകില്ല. ബ്രസീലിലെ കോടതി യാത്രാനുമതി നിഷേധിച്ചതിനാലാണ് ഇത്. ബൊൽസൊനാരോയുടെ ഭാര്യ മിഷേൽ പങ്കെടുക്കും. 1955 ൽ അമ്മ സമ്മാനിച്ച ബൈബിൾ, 1861ൽ ഏബ്രഹാം ലിങ്കൺ സത്യപ്രതിജ്ഞയ്ക്ക് ഉപയോഗിച്ച ബൈബിൾ എന്നിവയിൽ തൊട്ടാകും ട്രംപിന്റെ സത്യപ്രതിജ്ഞ. ലിങ്കന്റെ ബൈബിൾ ആദ്യ സ്ഥാനാരോഹണത്തിലും ട്രംപ് ഉപയോഗിച്ചിരുന്നു.

You might also like

പലിശനിരക്ക് 2.75 ശതമാനമായി നിലനിർത്തി ബാങ്ക് ഓഫ് കാനഡ

വേനലവധിക്കാലമായതോടെ യൂറോപ്പിലേക്കുള്ള വിനോദസഞ്ചാരികളുടെ ഒഴുക്ക് തുടങ്ങി; സന്ദർശകർക്കുള്ള പ്രവേശന ഫീസ് മൂന്നിരട്ടിയോളം വർധിപ്പിക്കുന്നുവെന്ന് റിപ്പോർട്ട്

സര്‍ക്കാര്‍ ജീവനക്കാരുടെ വേതന ചര്‍ച്ചകള്‍ പുനരാരംഭിച്ച് ആല്‍ബര്‍ട്ട

കാമുകിക്കൊപ്പം അവധിക്കാലം ആഘോഷിക്കാൻ കോസ്റ്റാറിക്കയിലെത്തിയ കനേഡിയൻ യുവാവ് വെടിയേറ്റ് മരിച്ചു

ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 78 പേർ കൊല്ലപ്പെട്ടു; കൊല്ലപ്പെട്ടവരിൽ ഏഴുമാസം ​ഗർഭിണിയായ യുവതിയും

ടൊറോൻറോ രാജ്യാന്തരചലച്ചിത്രമേളയിൽ ഇടം നേടി ഇന്ത്യയിൽ നിന്നുള്ള മൂന്നു ചിത്രങ്ങൾ

Top Picks for You
Top Picks for You