newsroom@amcainnews.com

ആൽബർട്ട വിട്ടുപോകുന്നത് കോടതി തടഞ്ഞു: വിധി ചോദ്യം ചെയ്ത് സർക്കാർ അപ്പീൽ നൽകും

എഡ്മിന്റൻ: കാനഡയിൽ നിന്ന് വേർപിരിഞ്ഞ് സ്വതന്ത്ര രാജ്യമാകണമെന്ന പ്രമേയത്തിന്മേൽ പൊതുജനാഭിപ്രായ വോട്ടെടുപ്പ്  നടത്താൻ അനുമതി നൽകിയ ചീഫ് ഇലക്ടറൽ ഓഫീസറുടെ തീരുമാനം കോടതി റദ്ദാക്കി. ഇതോടെ, ആവശ്യമുന്നയിച്ച്‌ ലക്ഷക്കണക്കിന് ആളുകൾ ഒപ്പിട്ട ഹർജി രേഖകൾ ഇലക്ഷൻസ് ആൽബർട്ടയുടെ സുരക്ഷിത കേന്ദ്രത്തിലേക്ക്‌ മാറ്റി. തത്‌ക്കാലം ഈ ഒപ്പുകൾ എണ്ണുകയോ പരിശോധിക്കുകയോ ചെയ്യില്ലെന്ന് അധികൃതർ വ്യക്തമാക്കി. എന്നാൽ, പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന നിയമത്തെ പ്രതിരോധിക്കാൻ ജസ്റ്റിസ് ഷൈന ലിയോനാർഡിന്റെ ഈ വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് ആൽബർട്ട പ്രവിശ്യാ സർക്കാർ അറിയിച്ചിട്ടുണ്ട്.

‘സ്റ്റേ ഫ്രീ ആൽബർട്ട’ എന്ന സംഘടന ജനുവരി മുതൽ മെയ് വരെ നടത്തിയ ഒപ്പുശേഖരണത്തിലൂടെ ഏകദേശം 3,02,000 പേരുടെ പിന്തുണയാണ് ഈ വേർപിരിയൽ വോട്ടെടുപ്പിനായി നേടിയത്. എന്നാൽ ഇതിനെതിരെ കാനഡയിലെ ഫസ്‌റ്റ്‌ നേഷൻ വിഭാഗം കോടതിയെ സമീപിക്കുകയായിരുന്നു. കാനഡയിൽ നിന്ന് ആൽബർട്ട വേർപിരിയുന്നത് തങ്ങളുടെ പരമ്പരാഗതമായ ഉടമ്പടി അവകാശങ്ങളെ ബാധിക്കുമെന്ന് ഗോത്രവിഭാഗങ്ങൾ വാദിച്ചു. ഇത്തരമൊരു വോട്ടെടുപ്പിന് അനുമതി നൽകുന്നതിന് മുൻപ് ബാധിതരായ ഗോത്രവിഭാഗങ്ങളുമായി സർക്കാർ ചർച്ച നടത്തിയില്ലെന്ന് കോടതി കണ്ടെത്തി. ചർച്ച നടത്താനുള്ള ഭരണഘടനാപരമായ ബാധ്യതസർക്കാർ ലംഘിച്ചുവെന്ന് ചൂണ്ടിക്കാണിച്ചാണ് ജഡ്ജി ഈ ഹർജി പ്രക്രിയ റദ്ദാക്കിയത്.

വരുന്ന ഒക്ടോബർ 19-ന് ആൽബർട്ടയിൽ കുടിയേറ്റം, ഫെഡറലിസം തുടങ്ങിയ വിഷയങ്ങളിൽ പ്രവിശ്യാ റഫറണ്ടം നടക്കാൻ നിശ്ചയിച്ചിട്ടുണ്ട്. ഇതിനൊപ്പം ഈ വേർപിരിയൽ ചോദ്യം കൂടി ഉൾപ്പെടുത്തണമെന്നായിരുന്നു സംഘടനകളുടെ ആവശ്യം. കോടതി വിധി വന്നതോടെ ഒക്ടോബറിന് മുൻപ് നിയമപോരാട്ടം അവസാനിക്കാൻ സാധ്യതയില്ലെന്നാണ് നിയമവിദഗ്ദ്ധർ വിലയിരുത്തുന്നത്. കാനഡയിൽ തന്നെ തുടരുന്നതിനെ അനുകൂലിക്കുന്ന ‘ഫോറെവർ കനേഡിയൻ’എന്ന മറ്റൊരു ഹർജിയിൽ 4,56,000 ഒപ്പുകൾ ഇതിനകം ലഭിച്ചിട്ടുണ്ട്. ആൽബർട്ട കാനഡയുടെ ഭാഗമായി തുടരുന്നതാണ് നല്ലതെന്ന പക്ഷക്കാരിയാണ് പ്രീമിയർ ഡാനിയേൽ സ്മിത്ത്. എങ്കിലും, കോടതി വിധി ജനാധിപത്യവിരുദ്ധമാണെന്നും പൗരന്മാർക്ക് അഭിപ്രായം പറയാനുള്ള അവകാശമുണ്ടെന്നും വ്യക്തമാക്കിയാണ് സർക്കാർ അപ്പീലിന് ഒരുങ്ങുന്നത്. കോടതി വിധി തങ്ങളുടെ അവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്നതാണെന്ന് ഗോത്രവിഭാഗങ്ങൾ സ്വാഗതം ചെയ്തപ്പോൾ, മാസങ്ങളോളം കഷ്ടപ്പെട്ട് ഒപ്പുശേഖരണം നടത്തിയ ജനങ്ങളെ വഞ്ചിക്കുന്ന തീരുമാനമാണിതെന്ന് വേർപിരിയൽ അനുകൂലികളും ആരോപിക്കുന്നു.

You might also like

സമാധാന നൊബേല്‍ പുരസ്‌കാര ആവശ്യവുമായി ട്രംപ് വീണ്ടും രംഗത്ത്

അതീവ ഗുരുതര സാഹചര്യം, അഞ്ചാംപനി പടരുന്നു; ന്യൂയോർക്കിൽ അടിയന്തരാവസ്ഥ

‘ഇസയാസ്’ ചുഴലിക്കാറ്റ്: കാനഡയിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

Death threat via social media: Three college students arrested for threatening Trump

സോഷ്യൽ മീഡിയയിലൂടെ വധഭീഷണി; ട്രംപിനെതിരെ ഭീഷണി മുഴക്കിയ മൂന്ന് കോളേജ് വിദ്യാർത്ഥികൾ അറസ്റ്റിൽ

US Senator John Kennedy hints at a 2028 presidential bid and sharply criticizes Trump

2028-ൽ പ്രസിഡന്റ്ലേക്ക് മത്സരിച്ചേക്കുമെന്ന് യു.എസ് സെനറ്റർ ജോൺ കെന്നഡി; ട്രംപിനെതിരെയും രൂക്ഷ വിമർശനം

നോര്‍ത്ത് ഈസ്റ്റ് റീജനൽ മാര്‍ത്തോമ്മാ കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 9 മുതൽ

Top Picks for You
Top Picks for You