newsroom@amcainnews.com

We are here to help you honor and remember your loved ones within the community.

AMCAIN News offers a dedicated space to share news of any community members’ passing, free of charge.
To submit an obituary, please send the details, including a photograph and a brief description (up to 50 words), to newsroom@amcainnews.com.

കാനഡയിൽ നിന്ന് സലാലയിൽ എത്തിയ മലയാളി യുവാവ് മുങ്ങി മരിച്ചു

കാനഡയിൽ നിന്ന് ഒമാനിലെ സലാലയിൽ എത്തിയ മലയാളി യുവാവ് മുങ്ങി മരിച്ചു. തൃശൂർ വാടാനപ്പള്ളി സ്വദേശി മുഹമ്മദ് ഹാഷിം (37) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് സലാലയിലെ ഐൻ ജർസീസ് വാദിയിൽ കുടുംബസമേതം കുളിക്കുന്നതിനിടെയായിരുന്നു അപകടം. കാനഡയിൽ ജോലി ചെയ്യുന്ന ഹാഷിം ഉംറ കഴിഞ്ഞ് സലാലയിലുള്ള മാതാപിതാക്കളെ സന്ദർശിക്കാനായി എത്തിയതായിരുന്നു. രിസാല സ്റ്റഡി സർക്കിൾ (ആർഎസ്‌സി) കാനഡ നാഷനൽ വിസ്ഡം കൺവീനറായിരുന്നു അദ്ദേഹം.

അപകടത്തിൽപ്പെട്ട ഹാഷിമിനെ ഉടൻ രക്ഷപ്പെടുത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം സലാലയിൽ നടക്കും. അബ്ദുൽ ഖാദർ-പൗഷബി എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ : ഷരീഫ. മക്കൾ : ഹാദിയ മറിയം, സൈനുൽ ഹംദ്, ദുആ മറിയം

മുന്‍ കെനിയൻ പ്രധാനമന്ത്രി റെയില ഒടുങ്കെ കേരളത്തിൽ അന്തരിച്ചു

മുന്‍ കെനിയൻ പ്രധാനമന്ത്രി റെയില ഒടുങ്ക (Raila Odinga) അന്തരിച്ചു. എറണാകുളം ജില്ലയിലെ കൂത്താട്ടുകുളത്ത് ചികിത്സക്കെത്തിയതായിരുന്നു ഇദ്ദേഹം. ഹൃദയാഘാതമാണ് മരണകാരണം. 79 വയസ്സായിരുന്നു. ബുധനാഴ്ച രാവിലെ പ്രഭാത നടത്തത്തിനിടെ റെയില ഒടുങ്കയ്ക്ക് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

മകളുടെ നേത്രചികിത്സയുമായി ബന്ധപ്പെട്ടാണ് ഒടുങ്കെ ആറുദിവസം മുമ്പ് കൂത്താട്ടുകുളത്ത് എത്തിയത്. മകളും മറ്റ് ബന്ധുക്കളും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. നിരവധി തവണ അദ്ദേഹം ശ്രീധരീയം നേത്രചികിത്സാ ആശുപത്രിയില്‍ എത്തി ചികിത്സ തേടിയിട്ടുണ്ട്. മൃതദേഹം നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള നയതന്ത്ര തലത്തിലുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കെനിയന്‍ രാഷ്ട്രീയത്തിലെ പ്രമുഖ നേതാവും മുന്‍ പ്രധാനമന്ത്രിയുമാണ് റെയില ഒടുങ്ക.

തൃശ്ശൂർ അതിരൂപത മുന്‍ അധ്യക്ഷന്‍ മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു

തൃശ്ശൂര്‍ അതിരൂപത മുന്‍ മെത്രാപ്പോലീത്ത മാര്‍ ജേക്കബ്ബ് തൂങ്കുഴി കാലം ചെയ്തു. 95 വയസ്സായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം 2.50 ഓടെയായിരുന്നു മരണം. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. അതിരൂപതയില്‍ ഒരു പതിറ്റാണ്ട് മെത്രാപ്പോലീത്തയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ്, നഴ്സിങ് കോളേജ്, ജ്യോതി എന്‍ജിനീയറിങ് കോളേജ്, മുള്ളൂര്‍ക്കരയിലെ മഹാ ജൂബിലി ബി.എഡ്. കോളേജ്, മുളയം മേരിമാതാ മേജര്‍ സെമിനാരി, പെരിങ്ങണ്ടൂരില്‍ എയ്ഡ്സ് രോഗികളെ സംരക്ഷിക്കുന്ന മാര്‍ കുണ്ടുകുളം മെമ്മോറിയല്‍ റിസര്‍ച്ച് ആന്‍ഡ് റിഹാബിലിറ്റേഷന്‍ സെന്റര്‍ (ഗ്രേയ്സ് ഹോം), കുരിയച്ചിറ സെയ്ന്റ് ജോസഫ്സ് ടി.ടി.ഐ. എന്നിവ സ്ഥാപിക്കാന്‍ നേതൃത്വം നല്‍കി.

1930 ഡിസംബര്‍ 13 -നായിരുന്നു പാലാ വിളക്കുമാടത്ത് കുരിയപ്പന്‍- റോസ ദമ്പതികളുടെ നാലാമത്തെ മകനായി ജനനം. 1947-ല്‍ വൈദികപരിശീലനം ആരംഭിച്ചു. ആലുവ സെമിനാരിയില്‍ നിന്ന് ദൈവശാസ്ത്രപഠനത്തിനായി റോമിലെ പ്രൊപ്പഗാന്ത കോളേജിലേക്കയച്ചു. ഇതിനിടയില്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ മലബാറിലേക്ക് കുടിയേറി. റോമില്‍ വെച്ച് 1956 ഡിസംബര്‍ 22 -ന് വൈദികപട്ടം സ്വീകരിച്ചു. ലാറ്ററല്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് കാനന്‍ നിയമത്തിലും സിവില്‍ നിയമത്തിലും ഡോക്ടറേറ്റ് നേടിയതിന് ശേഷമാണ് കേരളത്തില്‍ തിരിച്ചെത്തിയത്. തലശ്ശേരി രൂപതയുടെ പ്രഥമ മെത്രാനായ മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളിയുടെ സെക്രട്ടറി, ചാന്‍സലര്‍, മെനര്‍ സെമിനാരി റെക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഇതിനിടയില്‍ ന്യൂയോര്‍ക്ക് ഫോര്‍ഡാം യൂണിവേഴ്സിറ്റിയില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ മാസ്റ്റര്‍ ബിരുദം നേടി. തലശ്ശേരി രൂപതയുടെ വയനാട്, കര്‍ണാടക ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി മാനന്തവാടി രൂപത 1973-ല്‍ രൂപീകൃതമായപ്പോള്‍ പ്രഥമ മെത്രാനായി. 1995 -ല്‍ അദ്ദേഹം താമരശ്ശേരി രൂപതാധ്യക്ഷനായി. 1997 ലാണ് മാര്‍ ജേക്കബ് തൂങ്കുഴി തൃശ്ശൂര്‍ അതിരൂപതാധ്യക്ഷനായി നിയമിതനാകുന്നത്.

കാനഡയിൽ വിമാനാപകടത്തിൽ മരിച്ച മലയാളി പൈലറ്റിന്റെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കും

കാനഡയിലെ ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോറിൽ ചെറു വിമാനം തകർന്നുണ്ടായ അപകടത്തിൽ മരിച്ച മലയാളി പൈലറ്റിന്റെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കും. പൂജപ്പുര ചട്ടമ്പിസ്വാമി റോഡ് വിദ്യാധിരാജ നഗർ ‘ശ്രീശൈല’ത്തിൽ ഗൗതം സന്തോഷാണ് ജൂലൈ 26-ന് ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ പട്ടണമായ ഡീർ ലേക്കിലുണ്ടായ വിമാനാപകടത്തിൽ കൊല്ലപ്പെട്ടത്. തിങ്കളാഴ്ച പുലർച്ചെ 2.45 ന് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ എത്തിക്കുന്ന മൃതദേഹം വീട്ടിലെത്തിച്ച ശേഷം ഉച്ചയ്ക്ക് തൈക്കാട് ശാന്തികവാടത്തിൽ സംസ്കരിക്കും.

മൃതദേഹം നാട്ടിലെത്തിക്കേണ്ടെന്ന് കാന‍ഡ എംബസി അറിയിച്ചിരുന്നു. മൃതദേഹം എംബാം ചെയ്യുന്നതും കാനഡയിൽ നിന്ന് തിരുവനന്തപുരത്തേക്ക് എത്തിക്കുന്നതും പ്രായോഗികമല്ലെന്ന നിലപാടിലായിരുന്നു എംബസി അധികൃതർ. കാനഡയിൽ സംസ്കരിക്കണമെന്നും അധികൃതർ നിർദേശിച്ചിരുന്നു. എന്നാൽ വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങിയാണ് ഗൗതം സന്തോഷിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ ധാരണയായത്.

എബ്രഹാം ചാക്കോയുടെ നിര്യാണത്തിൽ ഫെഡറേഷൻ ഓഫ് കേരള അസ്സോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക (ഫൊക്കാന ഇന്റർനാഷനൽ) അനുശോചിച്ചു

ഫ്ലോറിഡയിലെ പ്രമുഖ സാമൂഹ്യ സാംസ്കാരിക പ്രവർത്തകനും, ഫൊക്കാനയുടെ മുൻ റീജിയണൽ വൈസ് പ്രസിഡന്റുമായിരുന്ന എബ്രഹാം ചാക്കോയുടെ (കുഞ്ഞുമോൻ) നിര്യാണത്തിൽ ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഓഫ് നോർത്ത് അമേരിക്ക (ഇന്റർനാഷനൽ) ദേശീയ സമിതി അനുശോചിച്ചു.

മലയാളി അസ്സോസിയേഷൻ ഓഫ് സെൻട്രൽ ഫ്ലോറിഡയുടെ സ്ഥാപകാംഗവും, മുൻ പ്രസിഡന്റുമായിരുന്ന എബ്രഹാം ചാക്കോയുടെ നിര്യാണം സമൂഹത്തിന് ഒരു തീരാനഷ്ടമാണെന്ന് പ്രസിഡന്റ് സണ്ണി മറ്റമന പറഞ്ഞു. അദ്ദേഹത്തിന്റെ സേവനങ്ങളെ മാനിച്ചു മലയാളി അസ്സോസിയേഷൻ ഓഫ് ടാമ്പ പ്രത്യേക പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്.

ഫൊക്കാന ഇന്റർനാഷണലിന്റെ നാഷണൽ കമ്മറ്റിയംഗം എബ്രഹാം ജോർജ്ജ് (പൊന്നച്ചൻ) പരേതന്റെ സഹോദരീ ഭർത്താവാണ്. എബ്രഹാം ചാക്കോയുടെ നിര്യാണത്തിൽ ജനറൽ സെക്രട്ടറി എബ്രഹാം ഈപ്പൻ, ട്രഷറർ എബ്രഹാം കളത്തിൽ, ട്രസ്റ്റീ ബോര്‍ഡ് ചെയർമാൻ ജോസഫ് കുരിയപ്പുറം, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. ജേക്കബ് ഈപ്പൻ, വൈസ് പ്രസിഡന്റ് ഷാജി ആലപ്പാട്ട്, വിമൻസ് ഫോറം ചെയർ ഡോ. നീന ഈപ്പൻ അസോസിയേറ്റ് സെക്രട്ടറി റോബർട്ട് അരീച്ചിറ, അസോസിയേറ്റ് ട്രഷറർ ഷാജി ജോൺ അഡീഷണൽ അസോസിയേറ്റ് ട്രഷറർ സഞ്ജീവ് എബ്രഹാം, അഡീഷണൽ അസോസിയേറ്റ് സെക്രട്ടറി തോമസ് ജോർജ്ജ്, ഇന്റർനാഷണൽ കോഓർഡിനേറ്റർമാരായ കല ഷഹി, റെജി കുര്യൻ എന്നിവർ അനുശോചനം അറിയിച്ചു.