ഡബ്ല്യുഡബ്ല്യുഇ റസ്‌ലിംഗ് ഇതിഹാസം ഹൾക്ക് ഹോഗൻ അന്തരിച്ചു. 71 വയസായിരുന്നു. ഹൃദയാഘാതത്തെത്തുടർന്നാണ് മരണമെന്നാണ് റിപ്പോർട്ട്. വ്യാഴാഴ്ച പുലർച്ചെ ഫ്ലോറിഡയിലുള്ള ഹോഗൻറെ വീട്ടിലായിരുന്നു അന്ത്യം. അടിയന്തര വൈദ്യസഹായം തേടി ഹോഗൻറെ വീട്ടിൽ നിന്ന് ഫോൺ സന്ദേശം വന്നിരുന്നതായി ആരോഗ്യപ്രവർത്തകർ പറഞ്ഞു. ഈ വർഷം ആദ്യം കഴുത്തിന് ശസ്ത്രക്രിയക്ക് വിധേയനായ ഹൾക്ക് ഹോഗൻ അബോധവസ്ഥയിലാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഭാര്യ സ്കൈ തള്ളിക്കളഞ്ഞിരുന്നു.
റസ്‌ലിംഗ് പ്രചാരം നേടിയ 1980കളിലും 1990കളിലും ഡബ്ല്യു ഡബ്ല്യു ഇ(വേൾഡ് റസ്‌ലിംഗ് എൻറർടെയിൻമെൻറ്) ഗുസ്തി മത്സരങ്ങളിൽ സൂപ്പർതാരമായി മാറിയ ഹൾക്കിന് ലോകമെമ്പാടുമായി ലക്ഷക്കണക്കിന് ആരാധകരുണ്ട്. 1990 കളിൽ ടെലിവിഷൻ പ്രചാരത്തിൽ ആയതോടെ ഇന്ത്യയിലും ഹൾക്ക് ഹോഗന് ലക്ഷക്കണക്കിന് ആരാധകർ ഉണ്ടായി. ആന്ദ്രെ ദ് ജയൻറിനെതിരായ നിലത്തടിച്ചുവീഴ്ത്തിയ ഹൾക്കിൻറെ പോരാട്ടം ഡബ്ല്യു ഡബ്ല്യു ഇ ചരിത്രത്തിലെ ക്ലാസിക്കുകളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്.
റിംഗിലെ തൻറെ അതിമാനുഷ പരിവേഷം കൊണ്ട് ആരാധകരെ കൈയിലെടുക്കുകയും എതിരാളികളെ വിറപ്പിക്കുകയും ചെയ്ത ഹൾക്ക് എൺപതുകളിൽ ഡബ്ല്യുഡബ്ല്യുഇ(അന്ന് ഡബ്ല്യുഡബ്ല്യുഎഫ്)യെ ഒറ്റക്ക് ചുമലിലേറ്റി. 2015ൽ നടത്തിയ വംശീയ പരാമർശം ഹൾക്ക് ഹോഗൻറെ കരിയറിലെ കറുത്തപാടായി അവശേഷിക്കുകയും ഗുസ്തി കരിയറിന് വിരാമമിടുകയും ചെയ്തു. 2025ൽ നെറ്റ്ഫ്ലിക്സ് ഡോക്യുമെൻററിക്കായി വീണ്ടും റിംഗിലെത്തിയ ഹൾക്ക് ഹോഗനെ കൂവവലോടെയാണ് കാണികൾ വരവേറ്റത്.
സിനിമകളിലും റിയാലിറ്റി ഷോകളിലും താരമായ ഹൾക്ക് മിസ്റ്റർ നാനി, സബർബൻ കമാൻഡോ എന്ന ശ്രദ്ധേയ ചിത്രങ്ങളിലും വേഷമിട്ടു. കഴിഞ്ഞ വർഷം യുഎസ് പ്രസിഡൻറ് ഡോണാൾഡ് ട്രംപിൻറെ തെരഞ്ഞെടുപ്പ് റാലികളിലും ഹൾക്ക് ഹോഗൻ സജീവ സാന്നിധ്യമായിരുന്നു.