ബ്രിട്ടീഷ് കൊളമ്പിയ: ബീസിയിൽ ടിക്ക് സീസൺ ആരംഭിച്ചു. വേനൽ കാലത്തെ കടുത്ത ചൂട് ചെള്ളുകൾക്ക് വ്യാപകമായി പെരുകാൻ അനുകൂലമാക്കുന്നതായി വിദഗ്ധർ പറയുന്നു. രണ്ട് തരം ചെള്ളുകളാണ് പ്രവിശ്യയിലുടനീളം പെരുകുന്നതെന്ന് ഇൻവേസീവ് സ്പീഷീസ് ഓഫ് ബ്രിട്ടീഷ് കൊളംബിയ എക്‌സിക്യുട്ടീവ് ഡയറക്ടർ ഗെയ്ൽ വാലിൻ പറഞ്ഞു. വെസ്റ്റേൺ ബ്ലാക്ക്‌ലെഗ്ഗ്ഡ് ടിക്ക്, റോക്കി മൗണ്ടെയ്ൻ വുഡ് ടിക്ക് എന്നിവയാണ് ബീസിയിൽ വ്യാപകമാകുന്നത്. വളർത്തുമൃഗങ്ങളിലാണ് ഇവ കൂടുതലായും കാണപ്പെടുന്നത്. അതിനാൽ ടിക്ക് നീക്കം ചെയ്യുമ്പോൾ ജാഗ്രത പാലിക്കാൻ വളർത്തുമൃഗ ഉടമകൾക്ക് വാലിൻ മുന്നറിയിപ്പ് നൽകുന്നു. കൂടാതെ ആന്റി-ടിക്ക് മരുന്നുകൾ ഉപയോഗിച്ച് ചെള്ളുകളെ തുരത്താമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
ടിക്കിനെ കണ്ടെത്തി കഴിഞ്ഞാൽ eTick എന്ന സൈറ്റിൽ രജിസ്റ്റർ ചെയ്യാം. ഈ സൈറ്റിൽ നിന്നും അത് ഏത് തരം ടിക്കാണെന്ന് തിരിച്ചറിയാനും ഇതിനെ എവിടെയാണ് കൂടുതലായി കാണപ്പെടുന്നത് എന്നുള്ള വിവരങ്ങൾ അറിയാനും ഈ സൈറ്റിലൂടെ സാധിക്കും. പുൽമേടുകളിലും ചെള്ളുകളുണ്ടാകും. അതിനാൽ പുറത്ത് പോകുമ്പോൾ ഷോർട്ട്‌സ് ധരിക്കുന്നതിനു പകരം പാന്റ്‌സും ലോംഗ് സ്ലീവ്‌സ് ഉള്ള വസ്ത്രങ്ങളും ധരിക്കേണ്ടതാണെന്നും വാലിൻ നിർദ്ദേശിക്കുന്നു.
ആരംഭത്തിൽ തന്നെ ചികിത്സിച്ചില്ലെങ്കിൽ മനുഷ്യരിലും മൃഗങ്ങളിലും റോക്കി മൗണ്ടെയ്ൻ വുഡ് ടിക്ക് പകർത്തുന്ന റോക്കി മൗണ്ടെയ്ൻ സ്‌പോട്ടഡ് ഫീവർ ജീവന് ഭീഷണിയായേക്കാം. പനി, തലവേദന, പേശീവേദന, ചുണങ്ങ് എന്നിവ ഉൾപ്പെടെ ലക്ഷണങ്ങൾ ഉണ്ടായേക്കാം. ചികിത്സിച്ചില്ലെങ്കിൽ ഇത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാവുകയും മരണം വരെ സംഭവിക്കാവുന്നതാണെന്നും മുന്നറിയിപ്പിൽ പറയുന്നു.