ഓട്ടവ: യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ താരിഫുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങളിലൂടെ കടന്നു പോവുകയാണ് കനേഡിയൻ സമ്പദ്‌വ്യവസ്ഥ. ഇത് കൂടുതലായി ബാധിക്കുന്നത് കാനഡയിലെ യുവതലമുറയെ ആണെന്ന് പുതിയ റിപ്പോർട്ട്. യുവാക്കൾ ഇതിനോടകം തന്നെ വലിയ രീതിയിൽ ഉള്ള തൊഴിലില്ലായ്മയും കടുത്ത സാമ്പത്തിക ഞെരുക്കവും അനുഭവിക്കുന്നുണ്ടെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ. ചില സാമ്പത്തിക വിദഗ്ധർ “യുവജന-മാന്ദ്യം” എന്നാണ് ഇതിനെ വിശേഷിപ്പിച്ചത്.
അമേരിക്കയുമായുള്ള നിലവിലെ വ്യാപാര യുദ്ധത്തിൽ നിന്ന് ഉടലെടുത്ത വെല്ലുവിളികളാണ് കനേഡിയൻ സമ്പദ്‌വ്യവസ്ഥ നേരിടുന്നത്. പ്രത്യേകിച്ച് ചെറുപ്പക്കാരായ കനേഡിയൻമാർ കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്ന് ഏറ്റവും പുതിയ പഠനം പറയുന്നു. ജീവിതത്തിലെ ചില അടിസ്ഥാന ആവശ്യങ്ങൾ കൂടുതൽ ചെലവേറിയതായിക്കൊണ്ടിരിക്കുകയാണ്. ഇത് യുവാക്കളെ ശരിക്കും ബുദ്ധിമുട്ടിക്കുന്നുണ്ടെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. അക്കൗണ്ടിംഗ് സ്ഥാപനമായ എംഎൻപി ആണ് ഏറ്റവും പുതിയ ഉപഭോക്തൃ കട സൂചിക പുറത്തിറക്കിയത്.
വിവിധ കനേഡിയൻമാരിൽ നിന്ന് ജീവിതച്ചെലവ്, സാമ്പത്തിക ആസൂത്രണം, കടം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള വിവരങ്ങളാണ് ശേഖരിച്ചത്. മൂന്ന് മാസത്തിലൊരിക്കൽ നടത്തുന്ന ഈ പഠനത്തിൽ, സാമ്പത്തിക ലക്ഷ്യങ്ങളുടെ കാര്യത്തിൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത് ചെറുപ്പക്കാരും താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങളുമാണെന്ന് കണ്ടെത്തി. 18-34 വയസ്സ് പ്രായമുള്ളവരിൽ പകുതിയോളം (45 ശതമാനം) പേരും തങ്ങളുടെ നിലവിലെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ഉത്കണ്ഠയോ സമ്മർദ്ദമോ അനുഭവിക്കുന്നരാണെന്ന് റിപ്പോർട്ട് പറയുന്നു.