ഓട്ടവ: അമേരിക്കയോട് അനുകൂല നിലപാടുള്ള കാനഡക്കാരുടെ എണ്ണം കുറഞ്ഞതായി സർവേ. മാസങ്ങളായി തുടരുന്ന തീരുവകൾക്കും അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ പരിഹാസങ്ങൾക്കും ഇടയിൽ അമേരിക്കയോട് അനുകൂല നിലപാടുള്ള കനേഡിയൻമാരുടെ ശതമാനം കുറഞ്ഞുവെന്നാണ് സർവ്വെയിലുള്ളത്. പ്യൂ റിസർച്ച് സെൻ്റർ നടത്തിയ സർവേ അനുസരിച്ച്, മൂന്നിലൊന്ന് കാനഡക്കാർ അഥവാ 34 ശതമാനം പേർക്കാണ് ഇപ്പോൾ അമേരിക്കൻ അനുകൂല നിലപാടുള്ളത്. കഴിഞ്ഞ വർഷത്തേക്കാൾ 20 ശതമാനം കുറവാണ് ഇത്.
ഏതാണ്ട് ഇതേ ശതമാനം ആളുകൾക്ക് ചൈനയെക്കുറിച്ചും അനുകൂലമായ കാഴ്ചപ്പാടുകളാണുള്ളത്. ചൈന അനുകൂല നിലപാടുള്ളവരുടെ എണ്ണം കഴിഞ്ഞ വർഷത്തേക്കാൾ 13 ശതമാനത്തോളം കൂടിയിട്ടുണ്ടെന്നും സർവ്വെയിൽ കണ്ടെത്തി. 25 രാജ്യങ്ങളിലെ ജനങ്ങളെ പങ്കെടുപ്പിച്ചാണ് പ്യൂ സർവ്വെ നടത്തിയത്. ഇതിൽ പകുതിയിലധികം രാജ്യങ്ങളിലും ചൈനയെക്കുറിച്ചുള്ള നല്ല അഭിപ്രായങ്ങൾ വർദ്ധിച്ചതായി കണ്ടെത്തി. ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ്ങിനെ അനുകൂലിക്കുന്ന ആളുകളുടെ എണ്ണത്തിലും വർദ്ധനവുണ്ടായിട്ടുണ്ട്.