റഷ്യയുമായി വ്യാപാരം തുടരുന്നതില്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി നാറ്റോ. റഷ്യയുമായി വ്യാപാരം തുടര്‍ന്നാല്‍ കനത്ത ഉപരോധങ്ങള്‍ നേരിടേണ്ടിവരുമെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റുട്ടെ ബ്രസീല്‍, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
പുടിന്‍ സമാധാന ചര്‍ച്ചകള്‍ ഗൗരവമായി എടുക്കാത്ത സാഹചര്യത്തില്‍ റഷ്യയുമായി വ്യാപാരം തുടരുകയോ റഷ്യയില്‍ നിന്ന് എണ്ണയോ വാതകമോ വാങ്ങുകയോ ചെയ്താല്‍ 100 ശതമാനം ദ്വിതീയ ഉപരോധം ഏര്‍പ്പെടുത്തുമെന്നാണ് നാറ്റോ സെക്രട്ടറി ജനറലിന്റെ മുന്നറിയിപ്പ്. സമാധാന ചര്‍ച്ചകളില്‍ ഗൗരവമായി പങ്കുചേരാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെ പ്രേരിപ്പിക്കണമെന്ന് ഇന്ത്യ, ബ്രസീല്‍, ചൈന എന്നീ രാജ്യങ്ങളിലെ നേതാക്കളോട് മാര്‍ക്ക് റുട്ടെ അഭ്യര്‍ത്ഥിച്ചു.
യുക്രെയ്‌ന് പുതിയ ആയുധങ്ങള്‍ നല്‍കുമെന്ന് അമേരിക്ക പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മാര്‍ക്ക് റുട്ടെയുടെ ഈ പ്രസ്താവന. റഷ്യയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് കടുത്ത തീരുവ ചുമത്തുമെന്ന് നേരത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഭീഷണിപ്പെടുത്തിയിരുന്നു.
50 ദിവസത്തിനുള്ളില്‍ ഒരു സമാധാന കരാറില്‍ എത്തിയില്ലെങ്കില്‍ റഷ്യയ്ക്ക് 100 ശതമാനം തീരുവ ചുമത്താനും റഷ്യന്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് ദ്വിതീയ ഉപരോധം ഏര്‍പ്പെടുത്താനും ട്രംപ് ഉദ്ദേശിക്കുന്നുവെന്നായിരുന്നു വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്റെ പ്രതികരണം.
നിലവില്‍ റഷ്യയില്‍ നിന്നും ക്രൂഡ് ഓയില്‍ ഏറ്റവും കൂടുതല്‍ വാങ്ങുന്ന രാജ്യങ്ങള്‍ ചൈന, ഇന്ത്യ, തുര്‍ക്കി എന്നിവയാണ്. അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയാല്‍ ഈ രാജ്യങ്ങള്‍ക്ക് കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും വിലയിരുത്തലുകളുണ്ട്. ഇതില്‍ ഇന്ത്യയ്ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വന്നേക്കാമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.