അധികാരമേറ്റെടുത്ത് രണ്ട് വര്‍ഷം പൂര്‍ത്തിയായ വേളയില്‍ തന്റെ ഭരണനേട്ടങ്ങളെക്കുറിച്ച് സംസാരിച്ച് ടൊറന്റോ മേയര്‍ ഒലിവിയ ചൗ. നഗരത്തില്‍ തകര്‍ന്ന സൗകര്യങ്ങള്‍ നന്നാക്കാനും പുതിയവ കെട്ടിപ്പടുക്കാനും താന്‍ പ്രതിജ്ഞാബദ്ധയാണെന്ന് അവര്‍ പ്രതികരിച്ചു. ഗതാഗത മേഖലയിലും നഗരത്തിലെ സൗജന്യ സേവനങ്ങളിലും നിക്ഷേപം വര്‍ധിപ്പിച്ചത് ചൗ ഭരണനേട്ടത്തിന്റെ ഭാഗമായി ചൂണ്ടിക്കാട്ടി. ശേഷിക്കുന്ന ഒന്നര വര്‍ഷം നഗര വികസനത്തിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
2023 ജൂലൈ 11-ന് ടൊറന്റോയുടെ 66-ാമത്തെ മേയറായി സത്യപ്രതിജ്ഞ ചെയ്ത ഒലിവിയ ചൗ, കാനഡയിലെ ഏറ്റവും വലിയ നഗരത്തിന്റെ നേതൃത്വത്തിലെത്തുന്ന ആദ്യത്തെ വെള്ളക്കാരനല്ലാത്ത വ്യക്തിയാണ്. കൂടുതല്‍ സുരക്ഷിതവും ചെലവ് കുറഞ്ഞതുമായ നഗരം കെട്ടിപ്പടുക്കുമെന്ന് സ്ഥാനമേല്‍ക്കുമ്പോള്‍ അവര്‍ വാഗ്ദാനം ചെയ്തിരുന്നു.
ഒലിവിയ ചൗ മേയര്‍ സ്ഥാനം ഏറ്റെടുക്കുമ്പോള്‍, 100 കോടി ഡോളര്‍ ബജറ്റ് കമ്മി, ഭവനപ്രതിസന്ധി, കാലപ്പഴക്കമുള്ള പൊതു അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി വെല്ലുവിളകളായിരുന്നു സിറ്റി നേരിട്ടിരുന്നത്. ഈ പ്രശ്‌നങ്ങള്‍ക്കിടയിലും, പ്രവിശ്യയുമായുള്ള പുതിയ കരാറിലൂടെ സിറ്റി ഹാളിലെ സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിച്ചതായും, ചെലവ് കുറഞ്ഞതും വാടക നിയന്ത്രിതവുമായ റെക്കോര്‍ഡ് എണ്ണം ഭവന നിര്‍മ്മാണങ്ങള്‍ ആരംഭിച്ചതായും മേയര്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയ പോസ്റ്റില്‍കുറിച്ചു.