വിക്ടോറിയ: ബ്രിട്ടീഷ് കൊളംബിയയിലെ സറേയിൽ ബോളിവുഡ് നടനും അവതാരകനുമായ കപിൽ ശർമ്മ പുതുതായി തുറന്ന കഫേയ്ക്ക് നേരെ വെടിവെപ്പ്. സറേയിലെ 84 അവന്യുവിനടുത്തുള്ള 120 സ്ട്രീറ്റിലുള്ള കാപ്‌സ് കഫേയിലേക്ക് വ്യാഴാഴ്ച പുലർച്ചെ 1.30 നാണ് വെടിവെപ്പുണ്ടായതെന്ന് സറേ പോലീസ് സർവീസ്(എസിപിഎസ്) പറഞ്ഞു. വെടിവെപ്പിൽ ആർക്കും പരുക്കേറ്റിട്ടില്ല. കഫേയുടെ ജനൽച്ചില്ലുകൾ വെടിവെപ്പിൽ തകർന്നിട്ടുണ്ട്.
കഫേയ്ക്ക് നേരെ 12 റൗണ്ട് വെടിവെപ്പുണ്ടായതായാണ് വിവരം. ദിവസങ്ങൾക്ക് മുമ്പാണ് കാപ്‌സ് കഫേ പ്രവർത്തനമാരംഭിച്ചത്.
വെടിവെപ്പിന്റെ ഉത്തരവാദിത്തം ഖലിസ്ഥാൻ വാദികൾ ഏറ്റെടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ആക്രമണത്തിന് പിന്നാലെ സംഭവം ഞെട്ടിച്ചെന്നും ആഘാതം ഉൾക്കൊള്ളാൻ ശ്രമിക്കുമ്പോളും പിന്മാറില്ലെന്നും കപിൽ ശർമ്മ ഇൻസ്റ്റഗ്രാമിലൂടെ വ്യക്തമാക്കി.
കപിൽ ശർമ്മയുടെ മുൻകാല പരാമർശങ്ങളാണ് വെടിവെപ്പിന് പിന്നിലെന്നാണ് സൂചന. എന്നാൽ കഫേയെ ലക്ഷ്യമിട്ടാണോ വെടിവെപ്പ് നടന്നത് അതോ നടന് നേരെയുള്ള ഭീഷണിയായിരുന്നോ വെടിവെപ്പ് എന്ന് വ്യക്തമല്ല. ദക്ഷിണേഷ്യൻ സമൂഹത്തിന് നേരെ നടക്കുന്ന വർധിച്ചുവരുന്ന ആക്രമണങ്ങളുടെ സാഹചര്യത്തിൽ ഈ വെടിവെപ്പും ആശങ്കപ്പെടുത്തുന്നതാണെന്ന് ദക്ഷിണേഷ്യൻ കമ്മ്യൂണിറ്റി അംഗങ്ങൾ പറഞ്ഞു.