ന്യൂഡൽഹി: ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ല ഭൂമിയിലേക്കുള്ള മടങ്ങിവരവിന് തയ്യാറെടുക്കുന്നു. ജൂലൈ 14ന് അദ്ദേഹം രാജ്യാന്തര ബഹിരാകാശ നിലയത്തിൽനിന്നു (ഐഎസ്എസ്) ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിക്കുമെന്ന് നാസ അറിയിച്ചു. ഐഎസ്‌എസ് സന്ദർശിച്ച ആദ്യ ഇന്ത്യക്കാരനും രാകേഷ് ശർമ്മയ്ക്ക് ശേഷം ബഹിരാകാശയാത്ര നടത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരനുമാണ് ശുഭാംശു ശുക്ല. ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശുവിനൊപ്പം മറ്റ് മൂന്ന് ക്രൂ അംഗങ്ങളുടെയും മടക്കയാത്രയും ജൂലൈ 14ന് ആരംഭിക്കുമെന്ന് നാസ അറിയിച്ചു.
‘‘ആക്സിയം-4 ന്റെ പുരോഗതി ശ്രദ്ധാപൂർവ്വം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ആ ദൗത്യം അൺഡോക്ക് ചെയ്യണമെന്ന് കരുതുന്നു, ജൂലൈ 14 ആണ് അൺഡോക്ക് ചെയ്യാനുള്ള നിലവിലെ ലക്ഷ്യം.’’ – നാസ കൊമേഴ്‌സ്യൽ ക്രൂ പ്രോഗ്രാം മാനേജർ സ്റ്റീവ് സ്റ്റിച്ച് പത്രസമ്മേളനത്തിൽ പറഞ്ഞു. 14 ദിവസത്തെ ദൗത്യത്തിനാണ് ശുഭാംശു ശുക്ല ബഹിരാകാശ നിലയത്തിൽ എത്തിയത്. അൺഡോക്കിങ് പ്രക്രിയയ്ക്കു ശേഷം കാലിഫോർണിയ തീരത്തിന് സമീപം പസഫിക് സമുദ്രത്തിൽ ശുഭാംശുവും സംഘവും ലാൻഡ് ചെയ്യുമെന്നാണ് നാസയുെട കണക്കുകൂട്ടൽ.
ദൗത്യം പൂർത്തിയാക്കി തിരിച്ചെത്താൻ പോകുന്ന ശുഭാംശുവിനെ ഓർത്ത് തങ്ങൾക്ക് അഭിമാനമുണ്ടെന്ന് അദ്ദേഹത്തിന്റെ മാതാപിതാക്കൾ പറഞ്ഞു. ‘‘ഞങ്ങൾ വളരെ ആവേശത്തിലാണ്. ഞങ്ങളുടെ മകൻ ഞങ്ങളുടെ അടുത്തേക്ക് തിരിച്ചുവരുന്ന നിമിഷം. ഞങ്ങൾ സന്തുഷ്ടരാണ്. അവൻ സുരക്ഷിതനായി തിരിച്ചുവരാൻ ഞങ്ങൾ ദൈവത്തോട് പ്രാർത്ഥിക്കുന്നു.’’ – ശുഭാംശുവിന്റെ അമ്മ ആശ ശുക്ല വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.