ഒട്ടാവ: ഇന്ത്യൻ വംശജനായ വാർത്താ അവതാരകൻ ട്രാവിസ് ധനരാജ് കാനഡയിലെ സിബിസി ന്യൂസിൽ നിന്ന് രാജിവച്ചു, ചാനൽ തന്നെ മാറ്റിനിർത്തുകയും നിശബ്ദമാക്കുകയും ചെയ്യുന്നുവെന്നും എഡിറ്റോറിയൽ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്നുവെന്നും ആരോപിച്ചാണ് രാജി. സിബിസി ആരോപണങ്ങൾ നിഷേധിച്ചു. എന്നാൽ സ്ഥാപനത്തിനെതിരെ കേസ് കൊടുക്കാനാണ് ട്രാവിസ് പദ്ധതിയിടുന്നത്. ന്യൂസ് റൂമിലെ വീക്ഷണകോണുകളുടെ വൈവിധ്യത്തെയും എഡിറ്റോറിയൽ സ്വാതന്ത്ര്യത്തെയും കുറിച്ചുള്ള ആശങ്കകൾ ഉന്നയിച്ചതിനെത്തുടർന്ന് രാജിവയ്ക്കുകയല്ലാതെ മറ്റ് മാർഗമില്ലെന്ന് 42 കാരനായ അദ്ദേഹം പറഞ്ഞു. സഹ ജീവനക്കാർക്ക് അയച്ച കുറിപ്പിൽ സിബിസിയുടെ ചില എഡിറ്റോറിയൽ തീരുമാനങ്ങളെയും ‘സിബിസിയുടെ പ്രഖ്യാപിത മൂല്യങ്ങളും അതിന്റെ ആന്തരിക യാഥാർഥ്യവും തമ്മിലുള്ള വിടവും’ ചോദ്യം ചെയ്തതിനെത്തുടർന്ന് താൻ സ്ഥാപനം വിടാൻ തീരുമാനിച്ചതായി ധനരാജ് പറഞ്ഞു.
ആരോപണങ്ങൾ നിഷേധിച്ചെങ്കിലും സഹ സ്റ്റാഫ് അംഗത്തിന് നൽകിയ ആന്തരിക ഇ-മെയിൽ ഉദ്ധരിച്ച് സിബിസി തന്നെ അദ്ദേഹത്തിന്റെ രാജി റിപ്പോർട്ട് ചെയ്തു. സിബിസി ന്യൂസ് നെറ്റ്വർക്കിൽ ‘കാനഡ ടുനൈറ്റ് വിത്ത് ട്രാവിസ് ധൻരാജ്’ എന്ന പരിപാടിയുടെ അവതാരകനായിരുന്നു ട്രാവിസ്. സ്വമേധയാ ഉള്ള തീരുമാനമല്ലെന്നാണ് അദ്ദേഹം തന്റെ സിബിസി അക്കൗണ്ടിൽ നിന്ന് വിവിധ സിബിസി ഗ്രൂപ്പ് ഇ-മെയിൽ വിലാസങ്ങളിലേക്ക് അയച്ച വിടവാങ്ങൽ സന്ദേശത്തിൽ എഴുതിയിരിക്കുന്നത്. പ്രതികാരവും ഒഴിവാക്കലും മാനസിക ഉപദ്രവവും ജോലിസ്ഥലത്ത് തുടർന്നതിനാലാണ് രാജിയെന്ന് ധൻരാജ് പറഞ്ഞു.
2024 ഡിസംബർ ആദ്യം മുതൽ ധനരാജ് രംഗത്തുണ്ടായിരുന്നില്ല. 2025 ഫെബ്രുവരിയിൽ കാനഡ ടുനൈറ്റിന് പകരം ഇയാൻ ഹനോമാൻസിങ് അവതാരകനായ ഹനോമാൻസിങ് ടുനൈറ്റ് എന്ന പരിപാടി അവതരിപ്പിച്ചു. ക്രൗൺ കോർപ്പറേഷൻ ധനരാജിന്റെ രാജിയിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ചുള്ള ആരോപണങ്ങൾ ‘നിരസിക്കുന്നു’ എന്ന് സിബിസി വക്താവ് കെറി കെല്ലി പറഞ്ഞു. കാനഡയിലെ കാൽഗറിയിൽ ജനിച്ച ധനരാജിന് ബ്രോഡ്കാസ്റ്റ് ജേണലിസത്തിൽ 20 വർഷത്തെ കരിയറുണ്ട്. സിബിസിയിൽ
സീനിയർ പാർലമെന്ററി റിപ്പോർട്ടറാകുന്നതിന് മുമ്പ് അദ്ദേഹം ഗ്ലോബൽ ന്യൂസിന്റെ ക്വീൻസ് പാർക്ക് ബ്യൂറോ ചീഫായിരുന്നു. സിബിസിയിലെ അദ്ദേഹത്തിന്റെ ബയോ പ്രകാരം സിപി24, സിടിവി ന്യൂസ് എന്നിവയിലും അദ്ദേഹം ജോലി ചെയ്തു. ട്രാവിസ് 2004ൽ റയേഴ്സൺ യൂണിവേഴ്സിറ്റിയിൽ നിന്ന് ടൊറന്റോയിലെ റേഡിയോ ആന്റ് ടെലിവിഷൻ ആർട്സ് പ്രോഗ്രാമിൽ നിന്ന് കമ്മ്യൂണിക്കേഷനിൽ ബിരുദം നേടിയതായി ഐഎംഡിബി റിപ്പോർട്ട് ചെയ്യുന്നു.