വാൻകൂവർ: ഫെയ്‌സ്ബുക്ക് മാർക്കറ്റ് പ്ലെയ്‌സ് വഴി ഐഫോൺ വിൽക്കാൻ ശ്രമിച്ചയാളെ ആക്രമിക്കുകയും പെപ്പർ സ്‌പ്രേ ഉപയോഗിച്ച് ഐഫോൺ മോഷ്ടിക്കുകയും ചെയ്തതായി ന്യൂ വെസ്റ്റ്മിൻസ്റ്റർ പോലീസ് റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ച വൈകിട്ട് 5.20 ഓടെ കൊളംബിയ സ്‌ക്വയറിൽ ഐഫോൺ വിൽപ്പന നടത്താൻ ശ്രമിച്ചയാൾക്ക് നേരെയാണ് പെപ്പർ സ്പ്രേ ആക്രമണം ഉണ്ടായത്. പ്രതിക്കായി തിരച്ചിൽ നടത്തുന്നതായി ന്യൂ വെസ്റ്റ്മിൻസ്റ്റർ പോലീസ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.
വ്യാജ ബില്ലുകൾ തനിക്ക് നൽകിയതിനെ തുടർന്ന് പ്രതിയെ താൻ പിന്തുടരുകയായിരുന്നുവെന്ന് ഇര പറഞ്ഞു. തുടർന്ന് ഇയാൾ തനിക്ക് നേരെ പെപ്പർ സ്പ്രേ ഉപയോഗിക്കുകയും ഫോണുമായി ടെസ്‌ല കാറിൽ കടന്നുകളയുകയുമായിരുന്നുവെന്ന് വിൽപ്പന നടത്തിയയാൾ പറഞ്ഞു.
18 നും 20 നും ഇടയിൽ പ്രായമുള്ള യുവാവാണ് പ്രതി. നീളം കുറഞ്ഞ തവിട്ടുനിറത്തിലുള്ള മുടിയുള്ളയാളാണ്. സംഭവ സമയത്ത് കറുത്ത ഹുഡ് ഉള്ള സ്വെറ്റ് ഷർട്ടും കറുത്ത പാന്റും കറുത്ത റണ്ണിംഗ് ഷൂസുമാണ് ഇയാൾ ധരിച്ചിരുന്നത്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവരോ സിസിടിവി ദൃശ്യങ്ങൾ കയ്യിലുള്ളവരോ ഉണ്ടെങ്കിൽ പോലീസുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.