newsroom@amcainnews.com

ജീവനക്കാർക്ക് അടുത്ത പണിയുമായി ഗൂഗിൾ! ഇത്തവണ പിരിച്ചുവിടലിന് പകരം ‘ബൈഔട്ട്’

സിലിക്കൺ വാലി: ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിനുള്ള നീക്കവുമായി വീണ്ടും ഗൂഗിൾ രംഗത്ത്. ഇത്തവണ പിരിച്ചുവിടലിന് പകരം, ജീവനക്കാർക്ക് സ്വയം പിരിഞ്ഞുപോകുന്നതിനായി ആകർഷകമായ ‘ബൈഔട്ട്’ (buyout) ഓപ്ഷനുകളാണ് കമ്പനി മുന്നോട്ട് വെച്ചിരിക്കുന്നത്. പ്രധാനമായും അമേരിക്കയിലെ ജീവനക്കാർക്കാണ് ഈ അവസരം നൽകിയിരിക്കുന്നത്. കമ്പനി ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ (AI) കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെയും പ്രവർത്തനച്ചെലവ് കുറയ്ക്കുന്നതിന്റെയും ഭാഗമായാണ് ഈ നീക്കം. ഗൂഗിളിന്റെ പ്രധാന വരുമാന സ്രോതസ്സുകളായ സെർച്ച്, പരസ്യം തുടങ്ങിയ വിഭാഗങ്ങളിലെ ജീവനക്കാർക്കാണ് ബൈഔട്ട് ഓപ്ഷനുകൾ നൽകിയിരിക്കുന്നത്.

കൂടാതെ, കോർ എൻജിനീയറിങ്, മാർക്കറ്റിങ്, റിസർച്ച്, കമ്യൂണിക്കേഷൻസ്, നോളജ് ആൻഡ് ഇൻഫർമേഷൻ തുടങ്ങിയ വിഭാഗങ്ങളിലെ ജീവനക്കാർക്കും ഈ അവസരം ലഭ്യമാണ്. കമ്പനിയുടെ ഭാവിയുടെ ഗതി നിർണയിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് കൂടുതൽ നിക്ഷേപം നടത്താനാണ് ഗൂഗിൾ ലക്ഷ്യമിടുന്നത്. ഇതിനായി മറ്റ് വിഭാഗങ്ങളിലെ ചെലവുകൾ വെട്ടിക്കുറയ്ക്കേണ്ടതുണ്ട്. 2023ൽ 12,000ത്തോളം ജീവനക്കാരെ പിരിച്ചുവിട്ടപ്പോൾ കമ്പനിക്കെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു.

ഇത് ആവർത്തിക്കാതിരിക്കാനാണ് ഇത്തവണ ബൈഔട്ട് ഓപ്ഷനുകൾ നൽകുന്നത്. ജീവനക്കാർക്ക് സ്വയം തീരുമാനമെടുക്കാനുള്ള അവസരം നൽകുന്നതിലൂടെ, പിരിച്ചുവിടൽ എന്ന പേരുദോഷം ഒഴിവാക്കാനും ഗൂഗിൾ ശ്രമിക്കുന്നു. എത്ര ജീവനക്കാർക്ക് ബൈഔട്ട് ഓപ്ഷനുകൾ നൽകിയിട്ടുണ്ടെന്നോ, എത്രപേർ ഇത് സ്വീകരിക്കാൻ സാധ്യതയുണ്ടെന്നോ ഗൂഗിൾ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, പ്രധാനപ്പെട്ട പല വിഭാഗങ്ങളിലും ഈ പദ്ധതി നടപ്പിലാക്കുന്നതിനാൽ കാര്യമായ സ്വാധീനം ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ബൈഔട്ട് തിരഞ്ഞെടുക്കുന്ന ജീവനക്കാർക്ക് ആകർഷകമായ പാക്കേജാണ് ഗൂഗിൾ വാഗ്ദാനം ചെയ്യുന്നത്. കുറഞ്ഞത് 14 ആഴ്ചത്തെ ശമ്പളത്തിന് പുറമെ, ഓരോ വർഷത്തെയും സേവനത്തിന് ഒരാഴ്ചത്തെ അധിക ശമ്പളവും ലഭിക്കും. ഇത് ജീവനക്കാരെ സാമ്പത്തികമായി ചെറിയ തോതിൽ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

You might also like

യുഎസിന്റെ കിഴക്കൻ തീരങ്ങളിൽ കനത്ത മഴ, വെള്ളപ്പൊക്കം

ഗ്രീൻകാർഡിനായി മറ്റൊരു കല്യാണത്തിന് ശ്രമിക്കുന്നു; അമേരിക്കയിൽനിന്നു ഭർത്താവിനെ നാടുകടത്തണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ യുവതി

റഷ്യയിൽ ഭൂചലനത്തിന് പിന്നാലെ അഗ്നിപർവ്വത സ്ഫോടനം

ടൊറന്റോ ബീച്ചുകളില്‍ മോട്ടോറൈസ്ഡ് വാട്ടര്‍ക്രാഫ്റ്റുകള്‍ നിരോധിക്കുന്നു

ബാങ്ക് ഓഫ് കാനഡയുടെ പലിശ നിരക്ക് പ്രഖ്യാപനം ഇന്ന്

പ്രൊഫ. എം.കെ സാനു അന്തരിച്ചു

Top Picks for You
Top Picks for You