newsroom@amcainnews.com

വഖഫ് ട്രൈബ്യൂണൽ വിധി മുനമ്പം നിവാസികൾക്ക് എതിരായി വന്നാൽ അവരെ സംരക്ഷിക്കാൻ ആവശ്യമായ നടപടികള്‍ സർക്കാരിന്റെ ഭാഗത്തുനിന്നു ഉണ്ടാകണമെന്ന് ജുഡീഷ്യൽ കമ്മിഷൻ റിപ്പോർട്ട്

കൊച്ചി: മുനമ്പത്ത് താമസിക്കുന്നവരെ ഒരുവിധത്തിലും കുടിയൊഴിപ്പിക്കരുതെന്നും അവരെ സംരക്ഷിക്കാൻ ആവശ്യമായ നടപടികള്‍ സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകണമെന്നും ജുഡീഷ്യൽ കമ്മിഷൻ റിപ്പോർട്ട്. ഈ മാസം സംസ്ഥാന സർക്കാരിനു സമർപ്പിക്കാനിരിക്കുന്ന റിപ്പോർട്ടിലാണ് ജുഡീഷ്യൽ കമ്മിഷൻ റിട്ട. ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്. വഖഫ് ബോർഡും മുനമ്പം ഭൂമിയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന തർക്കം സംബന്ധിച്ച് സംസ്ഥാന സർക്കാർ നിയോഗിച്ച കമ്മിഷന്റെ കാലാവധി ഈ മാസം അവസാനിക്കും.

മുനമ്പം വഖഫ് ഭൂമിയാണോ അല്ലയോ എന്ന കാര്യത്തിൽ താൻ അഭിപ്രായം പറഞ്ഞിട്ടില്ലെന്ന് ജസ്റ്റിസ് രാമചന്ദ്രൻ നായർ പറഞ്ഞു. അത് വഖഫ് ട്രൈബ്യൂണലിന്റെ മുൻപാകെയുള്ള കാര്യമാണ്. അതിൽ ജുഡീഷ്യൽ കമ്മിഷൻ എന്ന നിലയിൽ അഭിപ്രായം പറയേണ്ടതില്ല. മറിച്ച് മുനമ്പത്തു താമസിക്കുന്ന മനുഷ്യരെ ഏതു വിധത്തിലാണ് സഹായിക്കാൻ സാധിക്കുക എന്നത് പരിശോധിക്കാനാണ് തന്നോട് നിർദേശിച്ചിരിക്കുന്നതെന്നും അക്കാര്യങ്ങളാണ് റിപ്പോർട്ടിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.

വഖഫ് ട്രൈബ്യൂണൽ വിധി മുനമ്പം നിവാസികൾക്ക് എതിരായി വന്നാൽ അവരെ സംരക്ഷിക്കുന്ന നിലപാടായിരിക്കണം സർക്കാർ സ്വീകരിക്കേണ്ടതെന്നും സി.എൻ. രാമചന്ദ്രൻ നായർ പറഞ്ഞു. വഖഫ് ബോർഡും ഫറൂഖ് കോളജും സർ‍ക്കാരുമായി ചർച്ച ചെയ്താൽ പ്രശ്നത്തിനു പരിഹാരം കണ്ടെത്താൻ കഴിയും. ട്രൈബ്യൂണൽ വിധിക്കെതിരെ ഇപ്പോൾ ഹൈക്കോടതിയെ സമീപിക്കാൻ സൗകര്യമുണ്ട്. ഏതു സാഹചര്യത്തിലും മുനമ്പം നിവാസികളെ സർക്കാർ സംരക്ഷിക്കണം. സർക്കാരിന്റെ എല്ലാ അധികാരങ്ങളും ഉപയോഗിച്ച് ഭൂമി ഏറ്റെടുക്കാൻ വരെ സാധിക്കും. അതിനു നഷ്ടപരിഹാരം കൊടുക്കണോ തുടങ്ങിയ കാര്യങ്ങളൊക്കെ പരിശോധിക്കാവുന്നതാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മുനമ്പത്ത് ആകെയുണ്ടായിരുന്നത് 404 ഏക്കർ ഭൂമിയായിരുന്നെങ്കിലും ഇതിൽ 237 ഏക്കർ കടലെടുത്തു പോയി. ബാക്കി 2 വില്ലേജുകളിലായി 111.5 ഏക്കർ ഭൂമി മാത്രമാണ് വാസയോഗ്യമായി ഉള്ളത്. 62 ഏക്കറോളം മീൻ പിടിക്കാൻ മാത്രം കൊള്ളുന്ന ചിറയാണ്. അതുകൊണ്ടു തന്നെ അവിടെ മത്സ്യബന്ധനവും മത്സ്യവ്യാപാരവും ചെറിയ തോതിൽ ടൂറിസവുമൊക്കെയായി ജീവിക്കുന്ന മനുഷ്യരെ സംരക്ഷിക്കാനുള്ള നടപടികൾ സർക്കാർ കൈക്കൊള്ളണമെന്നാണ് താൻ റിപ്പോര്‍ട്ടിൽ പറഞ്ഞിരിക്കുന്നതെന്നും രാമചന്ദ്രൻ നായർ പറഞ്ഞു.

You might also like

ഒഹായോ സോളിസിറ്റര്‍ ജനറല്‍ മഥുര ശ്രീധരന് നേരെ വംശീയ അധിക്ഷേപം

കാൽഗറി വിമാനത്താവളത്തിൽ പുതിയ നിബന്ധന; അമേരിക്കയിലേക്ക് പറക്കുന്ന യാത്രക്കാർക്ക് സുരക്ഷാ പരിശോധന വിമാനം പുറപ്പെടുന്നതിന് രണ്ട് മണിക്കൂറിനുള്ളിൽ മാത്രമേ സാധ്യമാകൂ

പലിശനിരക്ക് 2.75 ശതമാനമായി നിലനിർത്തി ബാങ്ക് ഓഫ് കാനഡ

കാട്ടുതീ പുക: ടൊറൻ്റോയിൽ വായു ഗുണനിലവാര മുന്നറിയിപ്പ്

സിഎൻഇ ജോബ് ഫെയർ ആഗസ്റ്റ് 15ന്; തൊഴിലില്ലായ്മ രൂക്ഷമായ സാഹചര്യത്തിൽ പ്രതീക്ഷിക്കുന്നത് റെക്കോർഡ് ജനപങ്കാളിത്തം

ജീവനക്കാരെ ഒഴിവാക്കി കനേഡിയൻ ടയർ

Top Picks for You
Top Picks for You