ന്യൂഡൽഹി: യു.എസിൽ നിന്ന് നാടുകടത്തിയ 12 ഇന്ത്യക്കാരുമായുള്ള വിമാനം ഡൽഹിയിൽ ലാൻഡ് ചെയ്തു. യു.എസിൽ നിന്ന് പാനമയിലേക്ക് മാറ്റിയ കുടിയേറ്റക്കാരിൽ ഉൾപ്പെട്ട ഇന്ത്യക്കാരെയാണ് നാട്ടിലെത്തിച്ചത്. ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ച ഇവരെ സ്വദേശങ്ങളിലേക്ക് അയച്ചു. ഇതിൽ നാലുപേർ പഞ്ചാബ് സ്വദേശികളാണെന്നാണ് വിവരം. ഹരിയാണ, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് മറ്റുള്ളവർ. പാനമയിലേക്ക് മാറ്റിയ കുടിയേറ്റക്കാരിൽനിന്ന് ആദ്യമെത്തുന്ന ആളുകളാണ് ഇവർ.
തുർക്കിഷ് എയർലൈൻ വിമാനത്തിലാണ് ഇവരെത്തിയത്. അമേരിക്കയിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ചതിന് പിടിയിലായ ഇന്ത്യക്കാരുൾപ്പെടെയുള്ള 299 കുടിയേറ്റക്കാരെയാണ് പാനമയിലേക്ക് മാറ്റിയിരുന്നത്. ഇവരെ അവിടെയുള്ള ഹോട്ടൽ ഡിറ്റൻഷൻ സെന്ററാക്കി മാറ്റി പാർപ്പിച്ചിരിക്കുകയാണ്. ഈ സംഘത്തിൽ നിന്നുള്ളവരാണ് ഡൽഹിയിലെത്തിയത്. നിലവിൽ ഇക്കൂട്ടത്തിൽ എത്ര ഇന്ത്യക്കാരുണ്ട് എന്നതിന് കൃത്യമായ വിവരങ്ങളില്ല.
പാനമ, കോസ്റ്ററീക്ക തുടങ്ങിയ രാജ്യങ്ങൾ അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കാൻ യു.എസിനെ സഹായിക്കുന്നുണ്ട്. കുടിയേറ്റക്കാരെ ഇവിടേക്ക് മാറ്റിയതിനുശേഷം അതാത് രാജ്യങ്ങളിലേക്ക് അയയ്ക്കുകയാണ് ചെയ്യുക. ഇവരിൽ സ്വയം തിരികെ പോകാൻ തയ്യാറാകുന്നവർക്ക് അതിനുള്ള സൗകര്യങ്ങളൊരുക്കി നൽകും. അല്ലാത്തവരെ അന്താരാഷ്ട്ര സംഘടനകളുടെ സഹായത്തോടെ തിരികെ അയയ്ക്കും. പാനമയിലുള്ള യു.എസ് കുടിയേറ്റക്കാരിൽ 40 ശതമാനം ആളുകളും സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ താത്പര്യമില്ലാത്തവരാണ്.
സ്വയം തിരികെ പോകാൻ കൂട്ടാക്കാത്തവരെയും രാജ്യങ്ങൾ സ്വീകരിക്കാൻ തയ്യാറാകാത്തവരെയുമാണ് പാനമയിലേക്കും കോസ്റ്ററീക്കയിലേക്കും മാറ്റുന്നത്. അനധികൃത കുടിയേറ്റക്കാരെയെല്ലാം നാടുകടത്തുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. നേരത്തെ മൂന്ന് വിമാനങ്ങളിലായി 300ൽ അധികം ആളുകളെ യു.എസ് നേരിട്ട് ഇന്ത്യയിലേക്ക് നാടുകടത്തിയിരുന്നു. കൈയിൽ വിലങ്ങിട്ടും ചങ്ങലകൊണ്ട് ബന്ധിച്ചും ഇവരെ എത്തിച്ചതിൽ വലിയ വിമർശനവുമുയർന്നിരുന്നു.







