നയ്റോബി: ദക്ഷിണ സുഡാനിൽ ചെറുവിമാനം തകർന്ന് 20 പേർ മരിച്ചു. മരിച്ചവരിൽ ഒരു ഇന്ത്യക്കാരനും ഉണ്ടെന്നാണ് വിവരം. യാത്രക്കാരിൽ ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു. ചൈനീസ് ഓയിൽ കമ്പനിയായ ഗ്രേറ്റർ പയനിയർ ഓപ്പറേറ്റിങ് കമ്പനി ചാർട്ട് ചെയ്ത വിമാനമാണ് അപകടത്തിൽ പെട്ടത്. തലസ്ഥാനമായ ജൂബയിലേക്ക് പോകുകയായിരുന്ന വിമാനത്തിൽ രണ്ട് പൈലറ്റുമാർ ഉൾപ്പെടെ 21 പേർ ഉണ്ടായിരുന്നു. ബുധനാഴ്ച രാവിലെയാണ് വിമാനം തകർന്നതെന്ന് യൂണിറ്റി സ്റ്റേറ്റ് ഇൻഫർമേഷൻ മന്ത്രി ഗാറ്റ്‌വെച്ച് ബിപാൽ പറഞ്ഞു. ദക്ഷിണ സുഡാൻ തലസ്ഥാനമായ ജുബയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകുന്നതിനായി എണ്ണപ്പാടത്തിന് സമീപത്തുനിന്നും പറന്നുയരുന്നതിനിടെയാണ് വിമാനം തകർന്നത്.
അപകടത്തിൽ പെട്ടവരുടെ വിവരങ്ങൾ അധികൃതർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. വിമാനത്തിൽ എണ്ണ കമ്പനി തൊഴിലാളികൾ ആയിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് ബിപാൽ കൂടുതൽ വിവരങ്ങൾ നൽകിയില്ല. സമീപ വർഷങ്ങളിൽ ദക്ഷിണ സുഡാനിൽ നിരവധി വിമാനാപകടങ്ങൾ ഉണ്ടായിട്ടുണ്ട്. 2018 സെപ്റ്റംബറിൽ, തലസ്ഥാനമായ ജൂബയിൽ നിന്ന് യിറോൾ നഗരത്തിലേക്ക് യാത്രക്കാരുമായി പോയ ഒരു ചെറിയ വിമാനം തകർന്ന് 19 പേർ മരിച്ചിരുന്നു.