newsroom@amcainnews.com

ഗാസയിലെ വെടിനിർത്തൽ: ഇസ്രയേൽ മന്ത്രിസഭ അംഗീകരിച്ചു; ബന്ദിമോചനം നാളെ മുതൽ

ജറുസലം: ലോകം പ്രതീക്ഷയോടെ കാത്തിരുന്ന ആ തീരുമാനത്തിലേക്ക് ഒടുവിൽ ഇസ്രയേൽ എത്തി. ഗാസയിലെ വെടിനിർത്തലിനും ബന്ദികളുടെ മോചനത്തിനുമുള്ള കരാർ ഇസ്രയേൽ സുരക്ഷാ കാബിനറ്റ് അംഗീകരിച്ചു. 15 മാസം നീണ്ട യുദ്ധത്തിനു വിരാമമിടാനുള്ള വ്യവസ്ഥകളാണ് അംഗീകരിച്ചത്. ഇതിനു പൂർണ മന്ത്രിസഭ അന്തിമ അംഗീകാരം നൽകും. കരാറിനു നാളെ മുതലാണു പ്രാബല്യം.

ബന്ദികളുടെ ആദ്യസംഘത്തെ ഹമാസ് നാളെ മോചിപ്പിക്കുമെന്നാണു കരുതുന്നതെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ഓഫിസ് അറിയിച്ചു. നാളെ മോചിപ്പിക്കുന്ന 95 പലസ്തീൻ തടവുകാരുടെ പട്ടിക ഇസ്രയേൽ കൈമാറി. കരാറിനുള്ള തടസ്സങ്ങൾ മാറിയെന്നു ഹമാസും പ്രതികരിച്ചു. വെടിനിർത്തൽ ധാരണയായെന്നു വ്യാഴാഴ്ച ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽത്താനി പ്രഖ്യാപിച്ചെങ്കിലും ഇനിയും പ്രശ്നങ്ങൾ പരിഹരിക്കാനുണ്ടെന്ന് ഇസ്രയേൽ നിലപാടെടുത്തതു സമാധാനപ്രതീക്ഷകൾക്കു മങ്ങലേൽപിച്ചിരുന്നു. ഹമാസുമായി ഉടമ്പടി വച്ചാൽ സർക്കാരിനെ വീഴ്ത്തുമെന്ന് തീവ്രനിലപാടുകാരായ ഘടകകക്ഷികൾ ഭീഷണി മുഴക്കിയതു നെതന്യാഹുവിനെ വെട്ടിലാക്കിയിരുന്നു. ദേശീയസുരക്ഷാ മന്ത്രി ഇതമാർ ബെൻഗ്വിർ, ധനമന്ത്രി ബസലേൽ സ്മോട്രിച് എന്നിവർ രാജിഭീഷണി മുഴക്കിയെങ്കിലും മന്ത്രിസഭയിൽ ഭൂരിപക്ഷം പേരുടെ പിന്തുണയുള്ളതിനാൽ മുന്നോട്ടുപോകാൻ നെതന്യാഹു തീരുമാനിക്കുകയായിരുന്നു. മറ്റന്നാൾ ഡോണൾഡ് ട്രംപ് പ്രസിഡന്റായി അധികാരമേൽക്കും മുൻപു കരാർ അന്തിമമാക്കാൻ യുഎസിന്റെ സമ്മർദമുണ്ടായിരുന്നു.

വെടിനിർത്തൽ കരാർ 3 ഘട്ടമായാകും നടപ്പിലാക്കുക. 98 ബന്ദികളിൽ 33 പേരെ ആറാഴ്ച നീളുന്ന ആദ്യഘട്ടത്തിൽ ഹമാസ് മോചിപ്പിക്കും. ഇവരുടെ പേരുകൾ കുടുംബങ്ങളെ അറിയിച്ചെങ്കിലും എത്രപേർ ജീവനോടെയുണ്ടെന്നതിൽ വ്യക്തതയില്ല. ബന്ദികളിലെ മുഴുവൻ കുട്ടികൾക്കും സ്ത്രീകൾക്കും പുറമേ 50 വയസ്സിലേറെയുള്ള പുരുഷന്മാരുമാണു പട്ടികയിലുള്ളത്. പകരം ഇസ്രയേൽ ജയിലിലുള്ള മുഴുവൻ സ്ത്രീകളെയും കുട്ടികളെയും വിട്ടയയ്ക്കും. ഇത് ഏകദേശം 1650 പേർ വരും. ഗാസയിൽനിന്ന് ഇസ്രയേൽ സൈന്യം പടിപടിയായി പിന്മാറും. ജീവകാരുണ്യസഹായവുമായി പ്രതിദിനം 600 യുഎൻ ട്രക്കുകളെത്തും. ആദ്യഘട്ടം തീരുംമുൻപ് തുടർഘട്ടങ്ങളുടെ ചർച്ച ആരംഭിക്കും.

ഇസ്രയേൽ ഇന്നലെയും ഗാസയിൽ കനത്ത വ്യോമാക്രമണം നടത്തി. വെടിനിർത്തൽ ധാരണയായെന്ന പ്രഖ്യാപനം വന്ന ബുധനാഴ്ചയ്ക്കുശേഷം മാത്രം 113 പേരാണു ഗാസയിൽ കൊല്ലപ്പെട്ടത്. ഇതോടെ, ഗാസയിൽ ആകെ മരണം 46,876 ആയി. 1,10,642 പേർക്കാണു പരുക്കേറ്റത്. 23 ലക്ഷം ജനങ്ങളിൽ 19 ലക്ഷത്തിലേറെപ്പേർ അഭയാർഥികളായി.

You might also like

പുതിയ കിൻഡിൽ കളർസോഫ്റ്റ് മോഡലുകളും ആദ്യത്തെ കിൻഡിൽ കളർസോഫ്റ്റ് കിഡ്‌സ് പതിപ്പും പുറത്തിറക്കി ആമസോൺ

ബ്രിട്ടിഷ് കൊളംബിയ ഫെറിയ്ക്ക് ഫെഡറല്‍ സഹായം അഭ്യര്‍ത്ഥിച്ച് ഡേവിഡ് എബി

മസ്‌കിന്റെ സ്റ്റാർലിങ്കിനോട് ‘കടക്ക് പുറത്ത്’; 100 മില്യൺ ഡോളറിന്റെ കരാർ റദ്ദാക്കി ഒന്റാരിയോ സർക്കാർ

യുഎസ് വീസയ്ക്ക് ബോണ്ട് വരുന്നു; 15,000 ഡോളർ വരെ ഈടാക്കാൻ സാധ്യത

ജൂൺ, ജൂലൈ മാസങ്ങളിൽ കാൽഗറിയിൽ പെയ്തത് 200 മില്ലിമീറ്ററിലധികം മഴ; ആയിരക്കണക്കിന് വീടുകൾ വെള്ളപ്പൊക്ക ദുരിതത്തിൽ

കാനഡയിൽ കുടിയേറ്റ അപേക്ഷകൾ നിരസിച്ചാൽ കത്തുകൾ വഴി നിരസിച്ചതിന്റെ കാരണം വിശദീകരിക്കുമെന്ന് ഐആർസിസി

Top Picks for You
Top Picks for You