newsroom@amcainnews.com

സാഹിത്യ ഇതിഹാസം എം.ടി വാസുദേവൻ നായർക്ക് വിട നൽകാനൊരുങ്ങി കേരളം; ‘സിതാര’യിലേക്ക് ഒഴുകിയെത്തി ആയിരങ്ങൾ

കോഴിക്കോട്: സാഹിത്യ ഇതിഹാസം എം.ടി വാസുദേവൻ നായർക്ക് വിട നൽകാനൊരുങ്ങി കേരളം. കോഴിക്കോട് നടക്കാവിലെ ‘സിതാര’യിൽ പൊതുദർശനം പുരോഗമിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ സിതാരയിൽ എത്തി എംടിക്ക് അന്ത്യാഞ്ജലി അർപ്പിച്ചു. മലയാളത്തിൻറെ അക്ഷര വെളിച്ചത്തിന് ആദരം അർപ്പിക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബത്തെ ആശ്വസിപ്പിച്ചു. സമൂഹത്തിൻറെ നാനാതുറകളിൽ നിന്നുളളവർ എംടിക്ക് അന്ത്യാജ്ഞലി അർപ്പിച്ചു. ഔദ്യോഗിക ബഹുമതികളോടെ മാവൂർ റോഡ് ശ്മശാനത്തിൽ വൈകിട്ട് അഞ്ച് മണിക്ക് ആണ് സംസ്കാരം.

മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിൻറെ നെറുകയിൽ എത്തിച്ച പ്രതിഭയെയാണ് എം ടിയുടെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായിരിക്കുന്നതെന്നാണ് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടത്. കേരളത്തിനു പൊതുവിലും മലയാള സാഹിത്യലോകത്തിന് സവിശേഷമായും നികത്താനാവാത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നും പിണറായി വിജയൻ അനുശോചന കുറിപ്പിൽ പറഞ്ഞു.

മലയാള സാഹിത്യത്തിലെ മഞ്ഞുകാലം മാഞ്ഞപ്പോൾ അവസാനമായി ഒരു നോക്ക് കാണാനും അന്ത്യാഞ്ജലി അർപ്പിക്കാനും ആയിരങ്ങളാണ് ‘സിതാര’യിലേക്ക് ഒഴുകിയെത്തിയത്. ഉച്ചയോടെയും ആയിരങ്ങളാണ് എംടിയെ അവസാനായി കാണാൻ വീടിന് മുന്നിൽ കാത്തുനിൽക്കുന്നത്. നടക്കാവ് കൊട്ടാരക്കടവ് റോഡിലെ സിതാരയെന്ന എഴുത്തിൻറെ നാലുകെട്ടിൽ നിശ്ചലനായി നിദ്യനിദ്രയിലാണ്ട ഇതിഹാസത്തെ കാണാൻ സിനിമ കലാ സാംസ്കാരിക രാഷ്ട്രീയ മേഖലയിലെ പ്രമുഖരാണ് എത്തിയത്. രാത്രി പന്ത്രണ്ടുമണിയോടെയാണ് എംടിയുടെ മൃതദേഹം സ്വകാര്യ ആശുപത്രിയിൽ നിന്ന് സിതാരയിലേക്ക് കൊണ്ടുവന്നത്.

വീടിന് പുറത്തെ പൊതുദർശനവും മോർച്ചറി വാസവും വേണ്ടെന്ന എംടിയുടെ ആഗ്രഹം കുടുംബം അതേപടി അനുസരിച്ചു. രാത്രിയിലെ ഇരുട്ടിലും എംടിയുടെ ആത്മാവ് തനിച്ചായിരുന്നില്ല. നന്ദി ചെല്ലാൻ നഗരം രാത്രിയും സിതാരയിലെത്തി.എഴുത്തുകാരൻ നിതാന്തനിദ്രയിലാഴുമ്പോൾ തനിച്ചായ ആൾക്കൂട്ടം നെടുവീർപ്പെടുകയും കണ്ണ് നനയ്ക്കുകയും ഓർമ പുസ്തകം നിറയ്ക്കാൻ വാക്കുകൾക്കായി പരതുകയും ചെയ്യുന്നുണ്ട്. പുലർച്ച നടൻ മോഹൻലാൽ പ്രിയപ്പെട്ട ഇതിഹാസത്തെ യാത്രയാക്കാനെത്തി.

സിനിമയിലും എഴുത്തിൻറെ വീരഗാഥ തീർത്ത പ്രിയപ്പെട്ട സുഹൃത്തിനെ കാണാനെത്തിയ സംവിധായകൻ ഹരിഹരൻറെ കണ്ണ് നിറഞ്ഞിരുന്നു. യാത്രയാക്കുന്നു എന്ന് സ്വന്തം ഹരിഹരനെന്ന ഭാവേന കാൽക്കൽ കുറേനേരം നോക്കി നിന്നു. പിന്നെ തളർന്ന് അശ്വതിക്കരികിലിരുന്നു. ബന്ധങ്ങളിൽ ഋതുസമിശ്ര കാലമാണ് എംടി. അതുകൊണ്ടാണ് അദ്ദേഹത്തെ കാണാൻ രാഷ്ട്രീയക്കാരും സാംസ്കാരിക പ്രവർത്തകരും സാധാരണക്കാരും ഒഴുകിയെത്തിയത്. സാഹിത്യ തറവാട്ടിലെ കാർന്നോർക്ക് ഓർമ പൂക്കളർപ്പിക്കാൻ ആലങ്കോട് ലീലാ കൃഷ്ണനുൾപ്പെടെയുളള സമകാലികരും പുതുതലമുറ എഴുത്തുകാരുമെത്തി. കഥയുടേയും കഥാപാത്രത്തിൻറേയും സൃഷ്ടാവിനു മുന്നിൽ കുട്ട്യേടത്തി വിലാസിനി കണ്ണീരോടെയാണ് പ്രണാമം അർപ്പിച്ചത്. പടിഞ്ഞാറെ ചക്രവാളത്തിൽ ഇരുൾ പരക്കുന്നതിനു മുൻപേ ദാർ എസ് സലാമെന്ന കൃതിയുടെ പേര് പോലെ ശാന്തിയുടെ കവാടം പുൽകാൻ ഒരുങ്ങുകയാണ് എംടി. വീട്ടിലെ പൊതുദർശനത്തിനുശേഷം മാവൂർ റോഡ് ശ്മശാനത്തിലേക്ക് മൃതദേഹം എത്തിക്കും. ഇവിടെ വെച്ചായിരിക്കും ഔദ്യോഗിക ബഹുമതികൾ നൽകുക.

You might also like

കൈയ്യിൽ ഒരു രൂപ പോലുമില്ല! ശമ്പളം ലഭിക്കാത്തതിനെത്തുടർന്ന് ഓഫിസിനു മുന്നിലെ നടപ്പാതയിൽ കിടന്നുറങ്ങി പ്രതിഷേധിച്ച് ജീവനക്കാരൻ

അമേരിക്കയിൽ വീണ്ടും ഭൂചലനം; 2.7 തീവ്രത

10,000 കിലോ ഭക്ഷ്യവസ്തുക്കൾ; ഗാസയ്ക്ക് സഹായമായി കാനഡ

എഡ്മണ്ടനിൽ ദക്ഷിണേഷ്യൻ കമ്മ്യൂണിറ്റിക്കെതിരെ ആക്രമണം വർധിക്കുന്നു

ടൊറന്റോ ബീച്ചുകളില്‍ മോട്ടോറൈസ്ഡ് വാട്ടര്‍ക്രാഫ്റ്റുകള്‍ നിരോധിക്കുന്നു

പലസ്തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിക്കും: കാർണി

Top Picks for You
Top Picks for You