newsroom@amcainnews.com

കൊതിച്ചു കാത്തിരുന്ന ദിനങ്ങളുടെ സന്തോഷത്തിലായിരുന്നു നിഖിലും അനുവും, പക്ഷേ എല്ലാ സന്തോഷങ്ങളും ആ അപകടം കവർന്നു എന്നന്നേക്കുമായി

പത്തനംതിട്ട: പത്തനംതിട്ടയിലെ മല്ലശ്ശേരിയിലെ രണ്ട് കുടുംബങ്ങളുടെ സന്തോഷവും പ്രതീക്ഷയുമാണ് ഒരൊറ്റ ദിവസം കൊണ്ട് പൊലിഞ്ഞത്. മധുവിധു ആഘോഷിക്കാൻ വിദേശത്തേക്ക് പോയ മക്കളെയും അവരെ തിരികെ വിളിക്കാൻ പോയ ഉറ്റവരെയും നഷ്ടപ്പെട്ടവരുടെ വേദന വീടുകളിൽ തളംകെട്ടി നിൽക്കുകയാണ്. എട്ട് വർഷത്തെ പ്രണയത്തിനൊടുവിൽ 15 ദിവസം മുമ്പ് വിവാഹിതരായ നിഖിലിൻ്റെയും അനുവിൻ്റെയും വേർപാട് ഒരു നാടിൻ്റെയാകെ ഉള്ളുലച്ചു. മരിച്ച 4 പേരുടേയും സംസ്കാരം ബുധനാഴ്ച നടക്കും. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ പത്തനംതിട്ടയിലെ മോർച്ചറിയിലേക്ക് മാറ്റുകയായിരുന്നു.

സ്വപ്നം കണ്ട ജീവിതം അവർ ജീവിച്ചു തുടങ്ങിട്ട് ദിവസങ്ങൾ മത്രമേ ആയിട്ടുള്ളൂ. കൊതിച്ചു കാത്തിരുന്ന ദിനങ്ങളുടെ സന്തോഷത്തിലായിരുന്നു നിഖിലും അനുവും. പക്ഷേ എല്ലാ സന്തോഷങ്ങളും ഞായർ പുലർച്ചെയുണ്ടായ അപകടം കവർന്നെടുത്തു. മധുവിധു കഴിഞ്ഞ് മലേഷ്യയിൽ നിന്നുള്ള മടങ്ങിവരവ് രണ്ട് കുടുംബങ്ങളെ കണ്ണീരിലാഴ്ത്തി. നിഖിലിനേയും അനുവിനേയും കൂട്ടാൻ എയർപോർട്ടിൽ എത്തിയത് മത്തായി ഈപ്പനും ബിജു പി ജോർജുമായിരുന്നു. നിഖിലിന്റെ അച്ഛനാണ് മത്തായി ഈപ്പൻ. അനുവിന്റെ പിതാവാണ് ബിജു ജോർജ്. ഇവരെ കാത്തിരുന്ന ഉറ്റവരെ തേടിയെത്തിയത് 4 പേരുടെയും ചേതനയറ്റ ശരീരങ്ങളാണ്.

കാനഡയിൽ എഞ്ചിനീയറായി ജോലി ചെയ്യുന്ന നിഖിൽ കഴിഞ്ഞ മാസം 25നാണ് വിവാഹത്തിനായി നാട്ടിലെത്തിയത്. നവംബർ 30നാണ് നിഖിലിൻ്റയും അനുവിൻ്റെയും വിവാഹം കഴിഞ്ഞത്. അതും 8 വർഷം നീണ്ട പ്രണയത്തിന് ഒടുവിൽ. അനുവിൻ്റെ പിറന്നാൾ വരികയാണ്. ഒരുമിച്ചുള്ള ആദ്യ ജൻമദിനം ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നിരിക്കും നിഖിൽ. പ്രത്യാശയുടെ ഈ ക്രിസ്മസ് കാലത്ത് രണ്ട് വീടുകൾക്ക് മുന്നിലും ക്രിസ്മസ് ട്രീകൾ ഉണ്ട്. പക്ഷേ അത് അലങ്കരിച്ചവരുടെ മുഖങ്ങളിൽ ഇന്ന് ആ പ്രത്യാശയില്ല.

അതേസമയം, സംഭവത്തിൽ അലക്ഷ്യമായും അശ്രദ്ധമായും വാഹനമോടിച്ചതാണ് അപകടകാരണമെന്നാണ് എഫ്ഐആർ. കാർ ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് എഫ്ഐആറിൽ പറയുന്നു. സംഭവ സ്ഥലത്ത് സ്ഥിരമായി അപകടം നടക്കാറുണ്ടെന്ന് നാട്ടുകാരും പറയുന്നുണ്ട്. കാർ അമിതവേഗത്തിൽ വന്നിടിച്ചു എന്നാണ് തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസിന്റെ ഡ്രൈവർ സതീഷ് പറയുന്നത്. കാർ വരുന്നത് കണ്ട് വേഗം കുറച്ച് വശത്തേക്ക് വാഹനം ഒതുക്കി. പക്ഷേ കാർ ഇടിച്ചു കയറി. ബസ് സാധാരണ വേഗത്തിൽ മാത്രമായിരുന്നുവെന്നും ഡ്രൈവർ സതീഷ് വ്യക്തമാക്കി. ബസ്സിൽ ഉണ്ടായിരുന്നത് ഹൈദരാബാദ് സ്വദേശികളായ 19 തീർഥാടകരാണ്. ഇവർ മറ്റൊരു വാഹനത്തിൽ യാത്ര തുടർന്നു.

You might also like

കാട്ടുതീ പുക : കാനഡയ്‌ക്കെതിരെ പരാതിയുമായി യുഎസ് സംസ്ഥാനങ്ങൾ

വെസ്റ്റ്‌ജെറ്റ് സൈബർ ആക്രമണം: അന്വേഷണം ആരംഭിച്ചു

കാനഡയിലും അമേരിക്കയിലും ലൈം രോഗം ക്രമാനുഗതമായി വർധിക്കുന്നു; സെലിബ്രിറ്റികൾക്കിടയിലും വ്യാപിക്കുന്നു

കാനഡയിൽ വിമാനാപകടത്തിൽ മരിച്ച മലയാളി പൈലറ്റിന്റെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കും

കാനഡ-യുഎസ് അതിർത്തിയിലൂടെ നിയമവിരുദ്ധ കടക്കാൻ ശ്രമിച്ച മൂന്ന് കള്ളക്കടത്തുകാരും 44 അഭയാർത്ഥികളും അറസ്റ്റിൽ; സംഭവം ഞായറാഴ്ച രാത്രി ക്യൂബക്കിലെ സ്റ്റാൻസ്റ്റെഡിൽ

കാനഡയില്‍ വേദനസംഹാരികള്‍ക്ക് ക്ഷാമം നേരിടുന്നതായി ഫാര്‍മസിസ്റ്റുകള്‍

Top Picks for You
Top Picks for You