newsroom@amcainnews.com

അങ്ങനെ പേടിപ്പിക്കാൻ നോക്കേണ്ട, ഡീപ്‌സീക്കിനെ കണ്ട് ഭയക്കില്ല! ആർട്ടിഫിഷ്യൽ ഇൻറലിജൻസ് രംഗത്ത് കോടികൾ നിക്ഷേപിക്കുന്നത് തുടരുമെന്ന് മെറ്റ സിഇഒ മാർക്ക് സക്കർബർഗ്

ന്യൂയോർക്ക്: ചൈനയുടെ ഡീപ്‌‌സീക്ക് എഐ കൊടുങ്കാറ്റിൽ അമേരിക്കൻ ടെക് കമ്പനികൾ വിറച്ചെങ്കിലും ആർട്ടിഫിഷ്യൽ ഇൻറലിജൻസ് രംഗത്ത് കോടികൾ നിക്ഷേപിക്കുന്നത് തുടരുമെന്ന് മെറ്റ സിഇഒ മാർക്ക് സക്കർബർഗ്. ഡീപ്‌സീക്കിൻറെ സാന്നിധ്യം പല യുഎസ് ടെക് ഭീമൻമാർക്കും ഭാവിയിൽ തിരിച്ചടിയാവും എന്ന വിലയിരുത്തലുകൾക്കിടെയാണ് സക്കർബർഗിൻറെ ഈ വാക്കുകൾ. അതേസമയം ഡീപ്‌സീക്കിൻറെ വരവ് എഐ രംഗത്ത് കൂടുതൽ ഗവേഷണത്തിന് പ്രചോദനമാകുന്നതായി സക്കർബർഗ് കൂട്ടിച്ചേർത്തു.

എഐ രംഗത്ത് ഓപ്പൺ എഐയും ഗൂഗിളും മെറ്റയും കളംവാഴുമ്പോഴാണ് ചൈനീസ് സ്റ്റാർട്ടപ്പായ ഡീപ്‌സീക്ക്, ആ‌ർ1 ലാർജ് ലാംഗ്വേജ മോഡലുമായി രംഗത്തെത്തി ട്രെൻഡിംഗായത്. പ്രകടന നിലവാരത്തിൽ ഓപ്പൺ എഐയുടെ ചാറ്റ് ജിപിടിയോട് കിടപിടിക്കുന്നതാണ് ഡീപ്‌സീക്ക് ആ‌ർ1 എന്ന് ടെക് വിദഗ്ധർ വിലയിരുത്തുന്നു. ഡീപ്‌സീക്ക് ആ‌ർ1ൻറെ ആഗമനത്തോടെ അമേരിക്കൻ വിപണിയിൽ ചിപ്പ്, ഗ്രാഫിക്സ് പ്രൊസസർ നിർമാണ ഭീമനായ എൻവിഡിയയുടെ ഓഹരി മൂല്യം 20 ശതമാനത്തോളമാണ് ഇടിഞ്ഞത്. എങ്കിലും എഐ രംഗത്ത് പണമിറക്കുന്നത് തുടരും എന്നാണ് മെറ്റ സിഇഒ മാർക് സക്കർബർഗ് പറയുന്നത്. 2025ൽ 60 ബില്യൺ ഡോളറിലധികം എഐക്കായി ഇറക്കാൻ മെറ്റ ലക്ഷ്യമിടുന്നു. എഐയ്ക്ക് കരുത്തേകാൻ ഡാറ്റാ സെൻററുകൾ വികസിപ്പിക്കുന്നതിന് വേണ്ടിയാണ് മെറ്റ ഇതിൽ കൂടുതൽ തുകയും മുടക്കുന്നത്.

ഡീപ്‌സീക്ക് എഐ രംഗത്തെ പുത്തൻ മത്സരാർഥികളാണെന്ന് മാർക് സക്കർബർഗ് സമ്മതിക്കുന്നു. എന്നാൽ ഡീപ്‌സീക്കിൻറെ വരവ് ജിപിയുകളുടെ ((Graphics Processing Unit) ഡിമാൻറ് കുറയ്ക്കുമെന്ന് ഇപ്പോൾ പറയാനാവില്ലെന്നാണ് സക്കർബർഗിൻറെ പക്ഷം. എഐ രംഗത്ത് ഡാറ്റാ പ്രൊസസിംഗിന് കരുത്തുറ്റ ജിപിയുകൾ വേണം. ഫേസ്ബുക്കിലും വാട്സ്ആപ്പിലും ഇൻസ്റ്റഗ്രാമിലും ത്രഡ്‌സിലുമായി കോടിക്കണക്കിന് യൂസർമാരുള്ള മെറ്റയ്ക്ക് വലിയ ഡാറ്റാ സെൻററുകൾ ആവശ്യമാണ്. അതിനാൽ ഈ മേഖലയിൽ പണം മുടക്കേണ്ടത് അനിവാര്യമാണെന്നാണ് സക്കർബർബിൻറെ നിലപാട്.

ഡീപ്‌സീക്ക് പുറമേ പറയുന്ന കണക്കനുസരിച്ച് വികസന ചിലവ് ആറ് മില്യൺ ഡോളറിന് അടുത്താണ്. ഓപ്പൺ എഐയും ഗൂഗിളുമെല്ലാം കൂടുതൽ പുതിയ എച്ച് 100 ചിപ്പുകൾ എൻവിഡിയയുടെ കയ്യിൽ നിന്ന് വാങ്ങിക്കൂട്ടുമ്പോഴാണ് ചൈനയിൽ നിന്നൊരു മോഡൽ വന്ന് അതിനെക്കാൾ പഴയ എച്ച് 800 ചിപ്പുകൾ വച്ച് ചാറ്റ് ജിപിടിയുടെ അത്രയും തന്നെ മികച്ച മോഡൽ ലഭ്യമാക്കുന്നത്. എൻവിഡിയയുടെ തന്നെ പഴയ ചിപ്പുകൾ വച്ച് ഇങ്ങനെയൊക്കെ ചെയ്യാമെങ്കിൽ പുതിയ ചിപ്പുകൾക്ക് ഡിമാൻഡ് കുറയുമെന്ന കണക്കുകൂട്ടലിലാണ് അമേരിക്കൻ ഷെയർ മാ‌ർക്കറ്റിലെ നിക്ഷേപകർ സ്റ്റോക്കുകൾ വിൽക്കാൻ തുടങ്ങിയതും എൻവിഡിയയുടെ ഓഹരി മൂല്യം ഇടിഞ്ഞതും.

അടുത്ത എഐ മോഡൽ വികസിപ്പിക്കുന്നതും മെറ്റയുടെ മനസിലുണ്ട്. ലാമ 4 ചാറ്റ് ജിപിടിയോട് കിടപിടിക്കുന്നതായിരിക്കും എന്ന് മാർക്ക് സക്കർബർഗ് അവകാശപ്പെടുന്നു. ഈ ലാർജ് ലാംഗ്വേജ് മോഡലിൻറെ ട്രെയിനിംഗ് പുരോഗമിക്കുകയാണ്.

You might also like

കാനഡയിൽ വിനോദസഞ്ചാരികൾക്ക് ദേശീയ പാർക്കുകളിൽ സൗജന്യ പ്രവേശനം; യുഎസിൽ വിദേശികൾക്ക് സർചാർജ് ഏർപ്പെടുത്തി ട്രംപ്

വേനൽക്കാലത്തേക്ക് കടക്കുമ്പോൾ ഇന്ധനവില ലിറ്ററിന് 2 ഡോളറിലേക്ക്; കാനഡയിൽ ഭക്ഷ്യവിലക്കയറ്റത്തിനും സാധ്യതയെന്ന് മുന്നറിയിപ്പ്

കാനഡയിൽനിന്ന് വേർപെട്ട് സ്വതന്ത്ര രാജ്യമായാൽ ക്യൂബെക്കിൽ കുറഞ്ഞ നികുതിയും ഉയർന്ന പെൻഷനും; പ്രഖ്യാപനവുമായി പി.ക്യു നേതാവ് പോൾ സെന്റ് പിയറി പ്ലാമോണ്ടൻ

ക്യൂബെക്കിൽ ജീവിതച്ചെലവ് കുറയും; പുതിയ ബജറ്റിൽ ജനക്ഷേമ പദ്ധതികൾക്ക് മുൻഗണന

ഒട്ടാവയിൽ പെട്രോൾ വില കുതിക്കുന്നു; ഈ ആഴ്ച വീണ്ടും വില വർദ്ധിക്കുമെന്ന് സൂചന

എമർജൻസി ആക്ട്: ഫെഡറൽ കോർട്ട് ഓഫ് അപ്പീൽ വിധിക്കെതിരെ അപ്പീൽ നൽകി ഫെഡറൽ സർക്കാർ

Top Picks for You
Top Picks for You